Thursday, 17 April 2014

അരിമ്പൂർ ഗ്രാമം

അരിമ്പൂർ ഗ്രാമം 

സാമൂഹ്യ-സാംസ്കാരിക ചരിത്രം


പുരാതനകാലത്ത് പരാശരമുനി തപസ്സ് ചെയ്തിരുന്ന കാടാണ് പരയ്ക്കാട് എന്നാണ് ഐതിഹ്യം. ആ പരയ്ക്കാട് പ്രദേശങ്ങളും തൊട്ടടുത്ത കോള്‍പാടങ്ങളും ചേര്‍ന്നതാണ് പരയ്ക്കാട് വില്ലേജ്.

മനക്കൊടി കായലില്‍ വഞ്ചി ഗതാഗതത്തിനും രാത്രികാലങ്ങളില്‍ ദിശയറിയാന്‍ ണ്ടിയും വിളക്കുമാടം സ്ഥാപിച്ച സ്ഥലത്തിന് വിളക്കുമാടം എന്നു പറഞ്ഞുവരുന്നു. കൊച്ചി മഹാരാജാക്കന്മാര് കേവ് വഞ്ചിയിൽ   എറണാകുളത്തുനിന്നു തൃശ്ശൂര്‍ക്ക് വരുമ്പോള്‍ കരാഞ്ചിറ വഴി കൊക്കാലയിലേക്ക് മനക്കൊടി കായലില്‍ കൂടിയുള്ള യാത്രയില്‍ രാത്രിയായാല്‍ വഴിതെറ്റിപോകാതിരിക്കാന്‍ മഹാരാജാവിന്റെ പ്രത്യേക കല്പന പ്രകാരമാണ് വിളക്കുമാടം സ്ഥാപിച്ചത്. ഒരു ഇത്തിരി തുരുത്തായ വിളക്കുമാടം വടക്കേ ഭാഗത്തെ കരയോടു ബന്ധപ്പെടാന്‍ ഒരു ചെറിയ ബണ്ട് ഉണ്ട്. ഈ വിളക്കുമാടവും വടക്കുള്ള കരപ്രദേശങ്ങളും ചുറ്റുമുള്ള കോള്‍പാടങ്ങളും ചേര്‍ന്നതാണ് വെളുത്തൂര്‍ വില്ലേജ്.

മനക്കൊടി കായലിന് സമീപമുള്ള ശ്രീധര്‍മ്മശാസ്താ ക്ഷേത്രം സ്ഥിതി
ചെയ്യുന്ന കരയും അതിന് ചുറ്റുമുള്ള കോള്‍പാടങ്ങളും ചേര്‍ന്നതാണ് മനക്കൊടി വില്ലേജ്.

മനക്കൊടി കായലിലുള്ള കോള്‍പാടങ്ങളില്‍ മുന്‍കാലത്ത് മകരത്തില്‍ തിരുവോണ ഞാറ്റുവേലയില്‍ കൃഷിയിറക്കി വിഷുപ്പിറ്റേന്നു മുതല്‍ മേടമാസത്തില്‍ കൊയ്തു കേറുകയായിരുന്നു പതിവ്. ഹൈക്കോര്‍ട്ട് ജഡ്ജിയായിരുന്ന സുബ്രഹ്മണ്യയ്യര്‍ക്ക് മനക്കൊടിയില്‍ കൃഷിയുണ്ടായിരുന്ന
സ്ഥലമായിരുന്നു കൃഷ്ണന്‍കോട്ട പടവ്. കൃഷ്ണന്‍കോട്ടയില്‍ നിന്നു കൊയ്തുകേറി മെതിച്ച് ആളും കയ്യും ഉയരത്തില്‍ സുബ്രഹ്മണ്യയ്യരുടെ കയ്യാലയില്‍ നെല്ല് കരംചേര്‍ത്ത് കൂട്ടിയിടുന്നത് അക്കാലത്ത് ഉത്സവം പകരുന്ന കാഴ്ചയായിരുന്നു. ചില കര്‍ഷക പ്രമാണിമാരുടെ നെല്ലിന്‍ കൂമ്പാരങ്ങള്‍ കയ്യാലകളില്‍ കൂട്ടിയിട്ടിരിക്കുന്നതു കണ്ടാല്‍ അതിശയം ജനിപ്പിക്കുമായിരുന്നു. 

വിളക്കുമാടംപടവ് കൊയ്തുചിറയില്‍ കര്‍ത്താവിന്റെ കയ്യാലയില്‍ കൂട്ടിയിടാറുള്ള നെല്ലിന്‍കരവും, എറവില്‍ തോട്ടുപുര കയ്യാലയില്‍ തോട്ടുപുര 1000 പറയ്ക്ക് പടവ് കൊയ്ത് നെല്ല് മെതിച്ച് കൂട്ടിയിടുന്നതും കൌതുകമുണര്‍ത്തുന്നതും ഒരു കൊയ്ത്തുത്സവത്തിന്റെ ഹരം പകരുന്നതുമായിരുന്നു. രജമുട്ടുപടവ്, രാമാരാമം തുടങ്ങിയ പാടശേഖരങ്ങളിലെ വിവിധ കര്‍ഷക
പ്രമാണിമാരുടെ കൃഷിത്തളങ്ങളില്‍ കൃഷിക്കാര്‍ പാട്ടമളന്നുകൂട്ടുന്ന നെല്ലിന്‍കൂമ്പാരം പൊലിമയാര്‍ന്നതായിരുന്നു. അവിടുത്തെ ഭൂവുടമകള്‍ കൊയ്ത്തുകാലത്ത് നെല്ല് കൂട്ടി ശേഖരിച്ച് അത്യാഹ്ളാദം പൂണ്ടിരുന്നു. 

കുട്ടിമുറികോളിലെ നെല്ലും പുത്തന്‍കോളിലെ വാരപ്പാട്ടവും കൈമുതലായിരുന്ന നടക്കാവുകാരന്‍ ഈനാശുവിന്റെ കയ്യാല ഒരു വന്‍നെല്ലറ തന്നെയായിരുന്നു. കൂടാതെ നിരവധി വന്‍കിട കര്‍ഷകരും
കൊയ്തുവെച്ച് നെല്ല് കൂട്ടിയിരുന്നത് പഴയ എറവ് പഞ്ചായത്തു പ്രദേശത്ത് തന്നെയായിരുന്നു. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം നെല്ലുപുര നെല്ലു തന്നെ എന്ന നിലയില്‍ ധാരാളമായി നെല്ലുശേഖരമുള്ള ഈ പഞ്ചായത്തില്‍ അരിക്ക് യാതൊരു ക്ഷാമവുമുണ്ടായിരുന്നില്ല. 

അങ്ങനെ അരിപുരമായിത്തീര്‍ന്ന എറവ് പഞ്ചായത്തിനെ അരിമ്പൂര്‍ പഞ്ചായത്തെന്ന് പുനര്‍നാമകരണം ചെയ്തു. നാലുപുറവും വെള്ളത്താല്‍ ചുറ്റപ്പെട്ട അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ സ്ഥലങ്ങളെ ഇതര
പഞ്ചായത്തിലെ പ്രദേശങ്ങളുമായി കൂട്ടിയിണക്കുന്നതിന് പാലങ്ങളും പി.ഡബ്ള്യു.ഡി റോഡുകളും ബണ്ടു റോഡുകളുമുണ്ട്. 

ചേറ്റുപുഴ നിന്നു പെരുമ്പുഴ വരെ അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തുകൂടി അരിമ്പൂരിലെ 4 വില്ലേജുകളേയും സ്പര്‍ശിച്ചുകൊണ്ടു പി.ഡബ്ള്യു.ഡി റോഡ് സ്ഥിതി ചെയ്യുന്നു. തൃശ്ശൂര്‍ നിന്ന് പടിഞ്ഞാറന്‍ മേഖലകളിലേക്കും പടിഞ്ഞാറന്‍ മേഖലകളില്‍ നിന്ന് തൃശ്ശൂര്‍ക്കുമുള്ള പ്രധാന റോഡുഗതാഗതമാര്‍ഗ്ഗം അരിമ്പൂരില്‍ കൂടിയാണ്. നാലുപുറവും പച്ചപിടിച്ച നെല്‍പാടങ്ങളാല്‍ ചുറ്റപ്പെട്ട്, വിളഞ്ഞ കതിരണിപാടങ്ങളുടെ നടുവില്‍ സ്ഥിതി ചെയ്യുന്ന അരിമ്പൂര്‍ ഗ്രാമം ഹൃദ്യമായ ദൃശ്യമാണ് നല്‍കുന്നത്. കരപ്രദേശങ്ങളുടെ കമനീയത കണക്കിലെടുത്താല്‍ പലതും വിസ്മയമുളവാക്കുന്നതാണ്. 

അരിമ്പൂരാകുന്ന വലിയ ദ്വീപില്‍ വിളക്കുമാടമെന്ന ഒരു കൊച്ചുദ്വീപുണ്ട്. എറവിനും വെളുത്തൂരിനും കൈപ്പിള്ളിക്കുമിടക്ക് എറവ് കൈപ്പിള്ളി അകംപാടമുണ്ട്. എറവിനെയും കൈപ്പള്ളിയേയും യോജിപ്പിക്കുന്ന ഒരു ബണ്ട് റോഡ് അകംപാടത്തിന്റെ തെക്കേ അറ്റത്ത് നേര്‍വരപോലെ കിടക്കുന്നു. മനക്കൊടിക്കും വെളുത്തൂരിനുമിടക്ക് മനക്കൊടി വെളുത്തൂര്‍ അകംപാടമുണ്ട്. കൈപ്പിള്ളിയില്‍ അതിപുരാതനമായ പൂതിരിക്കുന്നുണ്ട്. എറവില്‍ പൊന്നത്തുപാറയെന്നു വിളിക്കുന്ന വെട്ടുകല്‍ പാറയുണ്ട്. കല്ലുവെട്ടി കുറെ കുഴിയായികിടക്കുന്നു. പരയക്കാടില്‍ ഉള്ള ഓളംതല്ലിപ്പാറ കരിങ്കല്‍ പാറയാണ്. അത് വെടിവെച്ച് പാറ പൊളിച്ച് കുളമായി തീര്‍ന്നിട്ടുണ്ട്. ഇതുകൂടാതെ പരയക്കാടില്‍ കരിങ്കല്‍ പൊളിച്ചെടുത്ത ഒരു പാറക്കുളമുണ്ട്. സെറ്റില്‍മെന്റ് രേഖകളനുസരിച്ച് വടക്കുന്നാഥന്‍, കൂടല്‍മാണിക്യം, പരക്കാട് എന്നീ ദേവസ്വങ്ങളുടെ ഉടമസ്ഥതയിലായിരുന്നു. പിന്നീട് ഈ ഭൂപ്രദേശങ്ങളുടെ ആധിപത്യം സവര്‍ണ്ണ കുടുംബങ്ങളിലേക്ക് മാറുകയായിരുന്നു. പാട്ടം മിച്ചവാരം, കാണം പങ്കുവാരം എന്നിങ്ങനെ ഭൂമിയില്‍ കൃഷി ചെയ്യാനുള്ള അവകാശം നാട്ടിലെ കര്‍ഷകര്‍ക്കു നല്‍കിയിരുന്നു. 

14 പാടശേഖരങ്ങളിലായാണ് കോള്‍ കൃഷി വ്യാപിച്ചു കിടക്കുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ നെല്‍കൃഷി മുഖ്യതൊഴിലായ പഞ്ചായത്തുകളില്‍ അരിമ്പൂര്‍ ഒന്നാം സ്ഥാനത്താണ്. കടലിന്റെ ഏറ്റ ഇറക്കമനുസരിച്ച് വെള്ളം കൂടിയും കുറഞ്ഞും വരുന്ന വെള്ളറക്കുകളായ കോള്‍നിലങ്ങള്‍ വേനല്‍ക്കാലമാകുമ്പോള്‍ ചക്രം വെച്ചും മറ്റു വിധത്തിലും വെള്ളം വറ്റിച്ച് കൃഷി ഇറക്കുകയും പ്രകൃതിയുടെ അനുഗ്രഹത്തിന്റെ തണലില്‍ മാത്രം കൃഷി കൊയ്തെടുക്കാന്‍ കഴിയുകയും ചെയ്യുന്ന മേഖലയാണിത്. കിട്ടിയാല്‍
കോള് എന്നടിസ്ഥാനത്തിലാണ് കോള്‍നിലങ്ങള്‍ എന്ന പേരിന്റെ ഉത്ഭവം തന്നെ. ആധുനിക യന്ത്രസാമഗ്രികള്‍ ഇല്ലാതിരുന്ന കാലഘട്ടം മുതല്‍ തന്നെ ഈ മേഖലകളില്‍ നെല്‍കൃഷി കുറെയേറെ നടത്തിയിരുന്നു. വെള്ളം വറ്റിക്കുന്നതിന് വലിയ ജലചക്രങ്ങള്‍ ഉപയോഗിച്ചിരുന്നു. ഓയില്‍ എഞ്ചിനുകളും മറ്റും ഉണ്ടായതിനെ തുടര്‍ന്നു കൂടുതല്‍ സ്ഥലങ്ങളിലേക്ക് നെല്‍കൃഷി വ്യാപിച്ചു. 

കേരളീയരുടെ ഉത്സവമായ ഓണത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത ഓണക്കായയാണ്. തൃശ്ശൂര്‍ ജില്ലയില്‍ ഓണക്കായയുടെ സ്ഥാനത്ത് മനക്കോടികായയുടെ സ്ഥാനം വളരെ പ്രധാനമാണ്. തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 8 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്നതാണ് അരിമ്പൂര്‍ പഞ്ചായത്ത്. അരിമ്പൂരിലെ സഹകരണ മേഖലയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതു തന്നെ 1930-ല്‍ എറവ് കേന്ദ്രമായി സഹകരണ സംഘം സ്ഥാപിതമായതോടെയാണ്. 

പുരാതനമായ അഞ്ച് ഹൈന്ദവ ക്ഷേത്രങ്ങളാണ് അരിമ്പൂരിലുള്ളത്.  എറവിലുള്ള വിഷ്ണുക്ഷേത്രത്തില്‍ ഇടവമാസം 5-ാം തീയതിയായിരുന്നു വേല. പറയര്‍കളി, പൂതം, തുള്ളല്‍, കുതിര, കാളകളികള്‍ എന്നിവ വേലയുടെ പ്രത്യേകതകളായിരുന്നു. കൂട്ടാലെ ശ്രീമഹാവിഷ്ണു ക്ഷേത്രം അരിമ്പൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു. ഇത് കൊച്ചിന്‍ ദേവസ്വം വക ക്ഷേത്രമാണ്. 

ക്രിസ്തുവര്‍ഷത്തിന്റെ 9-ാം ശതകത്തില്‍ സ്ഥാപിതമായതാണ് അരിമ്പൂര്‍ സെന്റ് ആന്റണീസ് പള്ളി. ഈ പള്ളിയുടെ കീഴിലുള്ള വിശുദ്ധ ഗീവറുഗീസ് സഹദായുടെ തിരുനാള്‍ നാനാജാതി മതസ്ഥര്‍ ഒത്തുകൂടുന്ന ആഘോഷങ്ങളിലൊന്നാണ്. എറവില്‍ ഉണ്ടായിരുന്ന പുരാതനപള്ളിയുടെ സ്ഥാനത്ത് പില്‍ക്കാലത്ത് കപ്പലിന്റെ ആകൃതിയിലുള്ള പുതിയ പള്ളി

നിര്‍മ്മിക്കപ്പെട്ടു. എഡ്യുക്കേഷണല്‍ കോംപ്ലക്സും അരിമ്പൂര്‍ ഹൈസ്കൂളും പള്ളിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.

2 comments:

  1. എനിക്ക് അരിമ്പൂരിലെ കപ്പല്‍ പള്ളി അറിയാം, പിന്നെ പ്രഭാകരന്‍ മാസ്റ്ററുടെ വീടും, അതുവഴി വാടാനപ്പള്ളി വഴി ശ്രീമതിയുടെ ഏങ്ങണ്ടിയൂരിലുള്ള വീട്ടില്‍ ഇടക്ക് പോകാറൂണ്ട്. അങ്ങിനെയാണ് എന്റെ അരിമ്പൂരുമായുള്ള അടുപ്പം. ഇനി പ്രകാശ് മേനോന്‍ നാട്ടില്‍ വന്നാല്‍ അവിടെ കയറി കാപ്പിയും കുടിക്കാം

    ReplyDelete
  2. സന്തോഷം ജേപീ ജീ

    ReplyDelete