Tuesday, 15 April 2014

പേര് ബാക്കി


പേര് ബാക്കി

മസ്കറ്റിലെ റൂമിലിരുന്ന് പതിവുപോലെ കാലത്ത് തന്നെ ഓണ്‍ലൈനില്‍ മലയാള മനോരമ പത്രം വായിക്കാനിരുന്നു.  ഗൌരവമായ വായനക്കോ ലോക കാര്യങ്ങള്‍ അറിയാനോ ഒന്നും അല്ല. വെറുതെ. നാട്ടിലെ വല്ല വാര്‍ത്തകളും ഉണ്ടോ എന്ന് അറിയാന്‍ മാത്രം. പിന്നെ കലാമണ്ഡലം വിശേഷങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ നോക്കാനും.

ഇന്നലെ ഉച്ചക്ക് ചെറിയ അളിയന്‍ രാധാകൃഷ്ണനെ അന്തിക്കാട് പോലീസ്‌ വീട്ടില്‍ വന്നു വിളിച്ചു കൊണ്ടുപോയിരുന്നു. വൈകുന്നേരം ആകുമ്പോഴേക്കും തല്‍കാല ജാമ്യത്തില്‍ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. അനുജത്തി പ്രേമയുടെ രണ്ടു മക്കളില്‍ മൂത്തവന്‍ ഡോക്ടര്‍ അഖിലിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ച്ചന്‍ കൊടുത്ത പരാതിയുടെ പേരിലാണ് അളിയന് പോലീസില്‍ ഹാജരാകേണ്ടി വന്നതു. ഇനി ഇന്ന് പോയി ജാമ്യം എടുക്കേണ്ടതുണ്ട്‌. പ്രേമയുടെയും അഖിളിന്റെയും പേരിലും പരാതി ഉള്ളതുകൊണ്ട് അവര്‍ക്കുള്ള മുന്‍‌കൂര്‍ ജാമ്യം എടുക്കാനുള്ള നടപടികളും ചെയ്യേണ്ടതുണ്ട്. അതിന് അവര്‍  വക്കീലുമായി ബന്ധപ്പെട്ടിടുണ്ട്. ജേഷ്ടന്‍ രമേശ്‌ വടക്കുംചെരിയില്‍ നിന്ന് എത്തിയിട്ടുണ്ട്.


രണ്ടാം പേജ് തുറന്നപ്പോള്‍ മൂന്നു കോളത്തില് പ്രത്യേകം അടയാളപ്പെടുത്തി കാര്‍ട്ടൂണ്‍ സഹിതം കണ്ട ‘സ്ത്രീധനം ആവശ്യപ്പെട്ട ഡോക്ടറുടെ അച്ച്ചന്‍  അറസ്റ്റില്‍’ എന്ന വാര്‍ത്ത‍ വിഷമിപ്പിക്കുന്നതയിരുന്നു.  

ഇവിടെ ഇരന്നു ചെയ്യാവുന്ന പ്രതികരണം ഉടനെ തന്നെ ഫേസ് ബുക്കിലൂടെ പോസ്റ്റ്‌ ചെയ്തു. നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കാമായിരുന്നു.

പന്ത്രണ്ടു വര്‍ഷമായി ഒമാനില്‍. എട്ടു കൊല്ലം കുടുംബത്തോടൊപ്പം. ഭാര്യ വിജു എന്ന് വിളിപ്പേരുള്ള വിജയ. മകന്‍ പ്രവീണ്‍. മകള്‍ വീണ. വലിയ പ്രാരബ്ദങ്ങളില്ലാത്ത ജീവിതം. പക്ഷെ കഴിഞ്ഞ മൂന്നു കൊല്ലമായി നാലു പേരും നാലു വ്യത്യസ്ത സ്ഥലങ്ങളില്‍. തൃശ്ശൂര്‍ അരിമ്പൂരില്‍ സ്ഥലം വാങ്ങി വീട് വച്ചതില്‍ വിജു. അറുപതു കിലോമീറ്റര്‍ മാറി ഷോര്‍ണൂര്‍ ചെറുതുരുത്തി കലാമണ്ഡലം ഗുരുകുല വിദ്യാര്‍ദ്തിനി വീണ. ചെന്നൈയിലെ ഒരു ഐ ടി സ്ഥാപനത്തില്‍ ട്രെയിനി ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയര്‍ ആയി ജോലി ആരംഭിച്ചിരിക്കുന്ന പ്രവീണ്‍.

ചുണ്ണാമ്പു പുരട്ടി സ്വയം പൊള്ളിക്കുന്ന എരപാടാണ് എനിക്കെന്നു വിജു എപ്പോഴും പറയും. ആദ്യമൊക്കെ അങ്ങിനെ കേള്‍ക്കുന്നതു അരോചകമായി തോന്നാറുണ്ട്. പിന്നെ ആലോചിക്കുമ്പോള്‍ തോന്നും അത് തന്നെ ശരി. പതിനാറാം വയസ്സില്‍ തുടങ്ങി അമ്പത്തേഴില്‍ എത്തി നിക്കുമ്പോഴും ഏതാണ്ട് തുടങ്ങിയേടത്തു തന്നെ. നേട്ടം എന്ന് പറയാന്‍ കുറെ ചീത്ത പേരും പിന്നെ വലിയ കടബാധ്യതയും.

നാളെ ബര്‍കയിലെ ഓഫീസും വീടും ഒഴിഞ്ഞു കൊടുക്കാനുള്ള നടപടികള്‍ ചെയ്യേണ്ടതുണ്ട്. കാലത്ത് ഹമദ് മസ്കരിയെയും കൂട്ടി ഹസ്സന്‍ ബഹ്രാനിയെ കാണണം. അതേ സ്ഥലത്ത് ബംഗ്ലാദേശ് സ്വദേശി ഫര്‍ഹാദ് മുഹമ്മദിന് എന്റെ സ്ഥാപനമായ ഗോള്ടെന്‍ ഗേറ്റ് ഗ്ലോബല്‍ എല്‍ എല്‍ സിയുടെ ലൈസെന്സില്‍ ചെയ്തു കൊടുക്കാം എന്ന് ഏറ്റിരുന്ന സോഫ, കാര്‍പെറ്റ്, കര്‍ട്ടന്‍ കട നടത്താന്‍ ഹസ്സന്‍ ബഹ്രാനിക്ക് സമ്മതം ഇല്ല. വേറെ സൗകര്യം ഉണ്ടാക്കണം. നാളെ നോക്കാം.

ബര്‍കയില്‍ നിന്ന് മാറി ഇപ്പോള്‍ ഘാലയില്‍ രണ്ടു മുറി ഫ്ലാറ്റില്‍ ഒരു മുറി ഓഫീസും ഒരു മുറി താമസത്തിനും ആയി തുടരുന്നു. കമ്പനിയുടെ പത്തു ശതമാനം ഓഹരി വാങ്ങിയ അന്തിക്കാട്ടുകാരന്‍ ബൈജു ചിറ്റൊളിയുടെ താല്‍പര്യത്തില്‍ എടുത്തതാണ് ഈ ഫ്ലാറ്റ്.

നാല്‍പതു ശതമാനം ഓഹരി രണ്ടു പേരിലായി വാങ്ങാം എന്ന് ഏറ്റിരിക്കുന്ന ആന്ധ്രാക്കാരന്‍ പ്രതാപ് രേദ്ദി ഇപ്പോഴത്തെ വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടിലേക്ക് പോകാന്‍ തയ്യാറായി എയര്‍പോര്‍ട്ടില്‍ നിന്നും വിളിച്ചിരുന്നു. അവര്‍ക്കുള്ള എക്സ്പ്രസ്സ്‌ വിസകള്‍ക്കുള്ള കടലാസുകള്‍ മറ്റന്നാള്‍ ബന്ധപ്പെട്ട മന്ത്രാലയത്തില്‍ കൊടുക്കണം. അവര്‍ വരുന്നതോടെ സാമ്പത്തിക ബാധ്യത ഒന്ന് കുറഞ്ഞുകിട്ടും.  ഇനിയും ഉണ്ട്.  അതിനുകൂടെ വഴി കണ്ടെത്തി ബാധ്യതകള്‍ അവസാനിപ്പിച്ചു നാട്ടില്‍ പോണം. നാല് പേര്‍ വേറെ വേറെ സ്ഥലങ്ങളില്‍ തനിയെ തനിയെ വല്ലാത്ത മടുപ്പും മരവിപ്പും.

എന്തെല്ലാം വിഷമ ഘട്ടങ്ങലൂടെ കടന്നു വന്നു. മെമ്മോറി കപാസിറ്റി കുറവായ കമ്പ്യൂട്ടറില്‍ നിന്നും ആദ്യം സേവ് ചെയ്തവ തനിയെ മഞ്ഞുപോകുന്നപോലെ പലതും മനസ്സില്‍ നിന്നും മഞ്ഞുപോയിരിക്കുന്നു. സന്തോഷവും ദുഖവും തോന്നാവുന്ന പലതും ഇപ്പോള്‍ ഓര്‍മയില്‍ ഇല്ല.

തിരുവില്വാമല ഗവണ്മെന്റ് സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാര്‍ഥി എന്ന് ഓര്മ തുടങ്ങുന്നു. ബാപ്പുജി എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന അച്ച്ചന്‍ അതേ സ്കൂളിലെ ഹിന്ദി മാഷ്. ബാപ്പുജി, അമ്മ, ചേച്ചി, ചേട്ടന്‍, ഞാന്‍, അനിയത്തി എന്ന കുടുംബം അമ്മിയാരു, ഇടക്കുന്നി വാരിയം, ഉമ്മര്‍, എന്നിവരുടെ വാടക വീടുകളില്‍. സ്കൂള്‍, കൂട്ടുകാര്‍, ടീച്ചര്‍മാര്‍, മാഷന്മാര്‍, വില്വാദ്രിനാഥ ക്ഷേത്രം, പറക്കോട്ടു
കാവ്‌, ചുങ്കം, വീട്ടില്‍ വളര്‍ത്തിയിരുന്ന കീരി, കൂടെ താമസിച്ചിരുന്ന അച്ച്ചന്‍ പെങ്ങള്‍ ജാനകി, ബപ്പുജിയുടെ സഹ അധ്യാപകര്‍, ബപ്പുജിയുടെ രാഷ്ട്ര ഭാഷ പ്രചാര സഭ ക്ലാസ്സ്‌ ട്യുഷന് വന്നിരുന്ന കുട്ടികള്‍, വല്ലപ്പോഴും വരുന്ന ചാച്ചാജി, അമ്മാമന്‍ തുടങ്ങിയ ബന്ധുക്കള്‍, പയര്‍, കൂര്‍ക എന്നിവ കൃഷി ചെയ്തിരുന്നത്, എല്ലാം ഇപ്പോള്‍ വളരെ മങ്ങിയ ഓര്‍മ്മകള്‍ മാത്രം. ബപ്പുജിയുടെ ട്രാന്‍സ്ഫരിനോപ്പം സകുടുംബം ഉണ്ടായിക്കൊണ്ടിരുന്ന സ്ഥലംമാറ്റം. അഞ്ചാം ക്ലാസ്സ്‌ പകുതി വടക്കാഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹൈ സ്കൂള്‍. അടുത്ത പകുതി കണ്ടശാംകടവ് സ്കൂള്‍, ആറാം ക്ലാസ്സ്‌ മുതല്‍ അരിമ്പൂരില്‍ സ്ഥിര താമസം.

എല്തുരുത് സൈന്റ്റ്‌ അലോഷിയാസ് കോളേജില്‍ നിന്ന് പ്രി ഡിഗ്രി കഴിഞ്ഞ് പതിനാറാം വയസ്സില്‍ കല്‍കട്ടയില്‍ ചേട്ടന്റെ കൂടെ. ഒട്ടും പരിചയം ഇല്ലാത്ത സ്ഥലം, ഭാഷ, ആളുകള്‍. ജോലി, പഠനം. ബപ്പുജിയുടെ സുഹൃത്ത്‌ അന്തിക്കാട് കോപ്പുണ്ണി മാഷുടെ അനിയന്‍ കല്‍കട്ട ഗ്ലാക്സോയില്‍ ജോലി ചെയ്തിരുന്ന ബാലകൃഷ്ണന്‍ സാറിന്റെ സ്വകാര്യ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ട്രേഡ് ലിങ്ക്സില്‍ ഓഫീസ് അസിസ്റ്റന്റ്‌ ആയി ജോലി. ഗരിയാഹട്ടിലെ ഈവെനിംഗ് കോളേജില്‍ ബി. കോം. പഠനം. ഒരു വര്ഷം തികയും മുന്‍പേ ചേട്ടന്‍റെ ഭുബനേശ്വര്‍ ട്രാന്‍സ്ഫര്‍. ചേട്ടന്‍റെ സുഹൃത്തുക്കളായ ജയരാജന്‍, ദിവാകരന്‍, കുരിയന്‍, കോശി, ബാലന്‍, ഇന്ദിര, എന്നിവരുടെ കൂടെ താമസം. മാറുന്ന ജോലികള്‍, മാറുന്ന താമസസ്ഥലങ്ങള്‍, പുതിയ കൂട്ടുകാര്‍. സിനിമകള്‍, പുകവലി, മദ്യപാനം, പാചകം, പ്രേമം, ഭാഷാപഠനം, ഫുട്ബാള്‍, ക്രിക്കറ്റ്, ബെല്‍ബോട്ടം പാന്റ്സ്, ഹൈ ഹീല്ദ് ഷു, ഹിപ്പി ഹെയര്‍, വല്ലപ്പോഴുമുള്ള നാട്ടിലേക്കുള്ള യാത്ര,
എന്നിവയില്‍ ഒടുങ്ങിയ, താനെന്നു അഹങ്കരിച്ചു, ഹൌറ സിബ്പുര്‍ ഗോപാല്‍ ബാനെര്‍ജി ലെയ്നിലെ ദാദയായി, ആരെയും അനുസരിക്കാതെ നടന്നു തീര്‍ത്ത ഒന്‍പതു വര്ഷം. അതിനിടെ ഒരു വര്ഷം ഭുബനെശ്വരില്‍ ഒറികേം ലിമിറ്റഡ് കമ്പനിയില്‍ ജോലി, ചേട്ടന്റെയും ചേട്ടത്തി അമ്മയുടെയും കൂടെ താമസം.

ഒരു ലക്ഷ്യ ബോധവും ഇല്ലാതെയാണ് ഒന്‍പതു വര്‍ഷത്തിനു ശേഷം കല്‍കട്ടയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചത്. ബപ്പുജിയുടെ തിമിരത്തിനുള്ള ഒപെരറേന്‍ അങ്കമാലിയിലെ ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍, അത് കഴിഞ്ഞ് നാട്ടില്‍ തേരാ പാരാ നടത്തം. തിരച്ചു കല്കട്ടക്ക് പോകാന്‍ തോന്നിയില്ല. നല്ലൊരു വായനോക്കിയായ ചക്കുംകുമരത്ത് രാജേന്ദ്രനെ (രാജു) പാര്‍ട്ണര്‍ ആക്കി യൂനിക് ട്രേഡ് ലിങ്ക്സ് എന്ന സ്ഥാപനം ആരംഭിച്ചു. ഒരിസ്സയില്‍ നിന്നും പി വി സി പൈപ്പ് മൊത്തമായി വാങ്ങി നാട്ടിലെ ഹാര്‍ഡ്‌വെയര്‍ കടകളില്‍ വിതരണം. ധാരാളിത്തവും ദുര്‍ഭരണവും മൂലം തുടരാന്‍ സാധ്യമല്ലാത്ത അവസ്ഥയില്‍ അവസാനിപ്പിക്കേണ്ടി വന്ന ബിസിനെസ്സ്.

ഇന്ന് ബര്‍കയില്‍ പോകേണ്ടതുണ്ട്. പത്തു മണി ആയിട്ടും കൂടെ കൂട്ടേണ്ട ഹമദ് മസ്കരിയുടെ മൊബൈല്‍ സ്വിച്ച് ഓഫ് ആണ്. ഇന്നലെ രാത്രി ഹസ്സന്‍ ബഹ്രൈനി ഇന്നത്തെ കൂടിക്കാഴ്ചയെക്കുറിച്ച് ഓര്‍മിപ്പിച്ചു ഉറപ്പിച്ചതാണ്. അത് കഴിഞ്ഞ് വേണം പ്രതാപ് രേട്ടിയുടെ എക്സ്പ്രസ്സ്‌ വിസ ഡോക്യുമെന്റെഷന്‍.

പ്രഭാത ഭക്ഷണം വേണ്ടെന്നു വച്ച് ബര്കക്ക് പോകാന്‍ തയ്യാറായി ഇരിക്കുകയാണ്. ഹമദ് മസ്കരിയുമായി സംബര്‍കം പുലര്‍താനാകുന്നില്ല. ഒരാഴ്ച മുന്‍പ് വാങ്ങിയ ഫ്രോസന്‍ കപ്പ പുഴുങ്ങി, ഇന്നലത്തെ മീന്‍ കറിയും ചേര്‍ത്ത് കഴിച്ചു.  കാത്തിരിപ്പ്‌ തുടരുന്നു.

പ്രവീണ്‍ ഷോര്‍ണൂര്‍ എതിയത്രേ. നാളെ അവനു ബാങ്ക് ടെസ്റ്റ്‌ തിരുവില്വമാലയിലാണ്‌. കഴിഞ്ഞ മാസമാണ് അവനെ നിര്‍ബന്ധിച്ചു തിരിച്ച്ചയച്ച്ചത്. എച് സി എല്ലിലെ ജോലി വേണ്ടെന്നുവച്ചു നാല് മാസം ഇവിടെ എന്റെ കൂടെ ഉണ്ടായിരുന്നു. പ്രതീക്ഷിച്ച പോലെ അവന്‍റെ പഠിപ്പിനു അനുസരിച്ചുള്ള ജോലി കിട്ടിയില്ല. പത്താംക്ലാസ് മുതല്‍ പ്രവീണ്‍ ഇവിടെയാണ്. കമ്പ്യൂട്ടര്‍ എന്ജിനീയരിങ്ങില്‍ ബിരുദം നേടിയതിനു ശേഷം നാട്ടിലേക്ക് വിടുകയായിരുന്നു. അവനു ഇവിടെയാണ്‌ താല്പര്യം. കലാലയത്തില്‍ വച്ച് പരിചയപ്പെട്ട്, ഇഷ്ടപ്പെട്ട്, ജീവിത സഖി ആക്കണമെന്ന് ആഗ്രഹിക്കുന്ന ശ്രീവിദ്യ എന്ന പെണ്‍കുട്ടി ഇവിടെയാണ്. വീട്ടില്‍ വിജുവിനും വീണക്കും അറിയാമായിരുന്നു. ഞാന്‍ അറിഞ്ഞത് അവസാനം. അത് സാരമില്ല. ഞങ്ങള്‍ക്ക് അവന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും സ്വീകര്യങ്ങളാണ്. വേണ്ടെന്നു വിജു പറഞ്ഞിട്ടും ഒരിക്കല്‍ ശ്രീവിദ്യയുടെ വീട്ടില്‍ പോയി ആ കുട്ടിയുടെ അച്ചനും അമ്മയും ആയി സംസാരിച്ചു. പിന്നീട് ജാതകം നോക്കലും, അവരുടെ കുടുംബസമേതമുള്ള അരിമ്പൂര്‍ സന്ദര്‍ശനവും, കുട്ടികള്‍ക്ക് അവര്‍ ഇഷ്ടപ്പെട്ടതുപോലെ ഒന്നിച്ചു ജീവിക്കാനുള്ള തീരുമാനവും. പ്രവീണിന് നല്ല ഒരു വരുമാന മാര്‍ഗം ഉണ്ടായാല്‍ മാത്രം നടപ്പാക്കാന്‍ പറ്റുന്നത്. ശ്രമ ഫലങ്ങള്‍ അനുകൂലമാവട്ടെ എന്നും അവര്‍ക്ക് ഒന്നിച്ചുള്ള ജീവിതം തുടങ്ങാനാവട്ടെ എന്നും ആഗ്രഹിക്കാം.

‘അതിഥി’ എന്നാല്‍ വീട്ടില്‍ ആകസ്മികമായോ അല്ലാതെയോ കയറി വരുന്നവരാനെന്നുള്ള ധാരണ മാറിയത് ഇന്‍റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു കേട്ടുകൊണ്ടിരിക്കുന്ന സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഭഗവദ്ഗീത പ്രഭാഷണത്തില്‍ നിന്നാണ്. അതിഥി ദേവോ ഭവ എന്നതിന്റെ വ്യാഖ്യാനത്തില്‍ അനുഭവങ്ങളെയാണ്‌ അതിഥി എന്ന് വ്യക്തമാക്കുന്നത്. അനുകൂല അനുഭവങ്ങള്‍ സ്വന്തം കഴിവുകൊണ്ട് മാത്രം നേടിയതെന്നും, പ്രതികൂല അനുഭവങ്ങള്‍ക്ക് മറ്റുള്ളവര്‍ കാരണക്കാരെന്നും വിശ്വസിച്ചും വിശ്വസിപ്പിച്ചും കഴിഞ്ഞത് ശരിയല്ലെന്ന് മനസ്സിലാകുന്നു. നടന്നതും, നടക്കുന്നതും, നടക്കാനിരിക്കുന്നതും ആയ എല്ലാ അനുഭവങ്ങളും ‘അതിഥി’ ആണെന്ന ആ അറിവ് ആശ്വാസം നല്‍കുന്നു.

സെപ്റ്റംബര്‍ 8, 2013
ഇന്നലെ ഒന്നും നടന്നില്ല. ഇന്നും എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഹമദ് മസ്കരി ഇന്ന് വെളുപ്പിന് നാല് മണിക്കാണ് എതിയതത്രേ. അബ്ദുല്‍ സമദിന്റെ നാട്ടിലേക്കുള്ള യാത്ര നീണ്ടുപോകുന്നു. പാകിസ്താനി സുഹൃത്ത്‌ അംജദ് പറഞ്ഞതുകൊണ്ടാണ് അയാളുടെ കാര്യം ഏറ്റെടുത്തത്. മൂന്നു വര്‍ഷമായി വിസ ഇല്ല. ഹമദ് മസ്കരിയുടെ സുഹൃത്ത്‌ മസ്കറ്റ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന ജമാലിനെക്കൊണ്ട് പൈസ കൊടുത്തു രണ്ടു മാസം മുന്‍പ് എര്പാടക്കിയതാണ്. പതിനഞ്ചു ദിവസത്തിനുള്ളില്‍ ആള്‍ പോയിരിക്കും എന്ന് പറഞ്ഞു തുടങ്ങിയ ഏര്‍പ്പാടാണ് നാളെ, മറ്റെന്നാള്‍, നാളെ എന്ന് പറഞ്ഞു പറഞ്ഞ്‌ രണ്ടു മാസം കഴിഞ്ഞും എങ്ങും എത്താതെ നില്‍ക്കുന്നത്. അബ്ദുല്‍ സമദും അംജദും വിളിക്കുമ്പോള്‍ മാറ്റി പറയാന്‍ ഒന്നും ഇല്ല. ഇന്ന് ഒരു മണിക്ക് വിളിക്കാന്‍ പറഞ്ഞിട്ടുണ്ട്. നോക്കാം.  ഒമാനില്‍ ഇങ്ങിനെയൊക്കെ തന്നെയാണ്.

ദുബായിലെ ജെ ബി സി എക്സ്പ്രസ്സില്‍ ഏതാണ്ടൊരു വര്ഷം ജോലി ചെയ്തതിനുശേഷം ആ സ്ഥാപനതിന്ടെ ഒമാന്‍ ഒപരെഷന്‍സ് ചുമതല ഏറ്റെടുത്തുകൊണ്ടാണ് പന്ത്രണ്ടു വര്‍ഷത്തിനു മുന്‍പ് ഇവിടെ എത്തുന്നത്. ദുബായിലെ സ്പീടിലാണ് ഇവിടെ തുടങ്ങിയത്. ജോലി നിര്ധേശങ്ങളോടുള്ള സഹപ്രവര്‍ത്തകരുടെ വളരെ സാവകാശത്തോടെയുള്ള പ്രതികരണം വിശകലനം ചെയ്തപ്പോള്‍ മനസ്സിലായി ഞാന്‍ മാത്രമേ തുള്ളാനുള്ളൂ എന്ന്. എന്റെ രീതി മാറ്റി സ്പീഡ് കുറച്ചപ്പോള്‍ സംഗതി ശരിയായി.  തിരക്ക് കൂട്ടിയിട്ടു കാര്യമില്ല എന്നറിഞ്ഞതുകൊണ്ട് നാളെ നാളെ എന്ന് കേള്‍ക്കുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല.

ഉടനേ വീട്ടില്‍ എത്താന്‍ ആവശ്യപ്പെട്ടു ഒരാഴ്ച മുന്‍പ് ഏതാണ്ട് വൈകീട്ട് എട്ടരക്ക് പ്രിന്‍റിംഗ് പ്രസ്‌ നടത്തുന്ന ചേറ്റുവക്കാരന്‍ ഹാരൂണ്‍ വിളിച്ചിരുന്നു. പന്തികേട്‌ തോന്നി. ആളൊരു സാധു. ഒരുപാടു ബുധ്ധിമുട്ടുകള്‍ക്കുള്ളില്‍ നിന്ന് പടിപടിയായി ഒരു വിധം തരക്കേടില്ലാത്ത നിലയില്‍ തന്‍റെ സ്ഥാപനം നടത്തിപ്പോരുന്നു. വീട്ടു ജോലികള്‍ കഴിഞ്ഞ് പ്രസ്സില്‍ ഹാരൂണിനെ സഹായിക്കാനെത്തുന്ന ഭാര്യയും ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്ന രണ്ടു ആണ്മക്കളും. സുഖമായി ജീവിക്കാനുള്ള ചുറ്റുപാടുകള്‍. പക്ഷെ മിക്കവാറും എന്നും വഴക്ക് കൂടി തീര്‍ക്കുന്ന ദിവസങ്ങള്‍. സംശയങ്ങള്‍.  തെറ്റിദ്ധാരണകള്‍. വിട്ടുവീഴ്ചയില്ല. ജയിച്ചു എന്ന് സ്വയം വിശ്വസിച്ചു തോറ്റ് ഉറങ്ങുന്നു. അടുത്ത ദിവസം വീണ്ടും വഴക്ക് കൂടാനായി. മാസം അവസാന ദിവസം ഹാരൂണ്‍ വിളിച്ചു പിറ്റേ ദിവസം എന്റെ ലിക്കര്‍ പെര്‍മിട്റ്റില്‍ ഒരു മാസത്തേക്കുള്ള ഒരു കാര്‍ടൂണ്‍ വിസ്കിയും രണ്ടു കാര്‍ടൂണ്‍ ബീയറും വാങ്ങി സ്റ്റോക്ക്‌ ചെയ്യും. ഇടപാടുകാരുടെ ഓഫീസുകളില്‍ നിന്നും ജോലി സംബന്ധമായി ലേഡി റിസെപ്ഷനിസ്റ്റ് വിളിക്കുന്നതും, ഹാരൂണിന്റെ വെള്ളമടിയും വഴക്കുകളില്‍ പ്രധാന അജണ്ടയായും മുന്‍ ദിവസങ്ങളില്‍ അസഭ്യം പറഞ്ഞും തല്ലി തീര്‍ക്കാന്‍ കഴിയാഞ്ഞതുമായ വിഷയങ്ങളും, ഉച്ചഭക്ഷണവും വിശ്രമവും കഴിഞ്ഞ് പുറപ്പെടാന്‍ വൈകിയതിനും, പ്രിന്റിംഗ് സ്ലൈഡ് സംബന്ധിച്ചും, യാതൊരു തരത്തിലും സംസാര വിഷയം ആക്കേണ്ടത് അല്ലാത്തതുമായ കാര്യങ്ങള്‍ കുത്തിപ്പൊക്കി സമാധാനം കൈവിട്ടുപോയ സന്ദര്‍ഭത്തില്‍ അസഭ്യ ശകാര വാക് തര്‍ക്കങ്ങള്‍ക്കൊടുവില്‍ അടിപിടി കഴിഞ്ഞിട്ടുള്ള വിളിയായിരുന്നു. എന്തോ, അയാളെ എനിക്ക് ഇഷ്ടമാണ്. ചെന്നു. എന്റെ സാന്നിധ്യത്തില്‍ രണ്ടര മണിക്കൂര്‍ കഴിഞ്ഞും നല്ല ഫലങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ സാധിക്കാതെ എനിക്ക് തിരിച്ചു പോരേണ്ടി വന്നു. സ്വ ജീവിതാനുഭവങ്ങള്‍, ഭഗവത ഗീത, ഭാഗവതം എന്നിവയില്‍ നിന്നും ചില കാര്യങ്ങള്‍ അവതരിപ്പിച്ചു ശാന്തരാക്കാന്‍ ശ്രമം നടത്തി. അവര്‍ക്ക് അതൊന്നും വേണ്ട. രണ്ടാള്‍ക്കും ജയിക്കണം. അണുവിട മാറില്ല. കാലം അതിന്റെ സമയം എടുക്കട്ടെ. കാര്യങ്ങള്‍ സമാധാനമാകട്ടെ. ആ കുടുംബത്തില്‍ സമൃദ്ധിയും സന്തോഷവും ഉണ്ടാകട്ടെ.

വേണ്ടപ്പെട്ടവരുടെ, ബന്ധുക്കളുടെ, സുഹൃത്തുക്കളുടെ മരണത്തില്‍ അനുശോചിച്ച്ചും മരണാന്തര കര്‍മങ്ങളില്‍ പങ്കെടുത്തു മടങ്ങുമ്പോഴും നാമൊരിക്കലും സ്വയം മരിക്കുമെന്ന് വിശ്വസിക്കുന്നില്ല. ഹാരൂണ്‍ ഒറ്റപ്പെട്ട ഒരു സംഭവമേ അല്ല. സങ്കീര്‍ണവും ദുസ്സഹവുമായ എന്തെല്ലാം ജീവിത സാഹചര്യങ്ങളെ യാണ് മനുഷ്യന്‍ അഭിമുഖീകരിക്കേണ്ടത്. താന്തോന്നിയും മദ്യപാനിയും മുന്‍കോപിയും മുരടനും ആയിരുന്ന എന്നെ എങ്ങിനെ എന്റെ വീട്ടുകാര്‍ സഹിച്ചു എന്നറിയില്ല. എനിക്ക് സുഖം എന്ന് തോന്നിയിരുന്നത് ചെയ്യുകയും എന്റെ മാത്രം സുഖത്തിനു വേണ്ടി ആണ് ഒരു കാലത്ത് ജീവിച്ചിരുന്നത് എന്നതും പശത്താപത്ത്തിനു വഴിയൊരുക്കുന്നു. എവിടെ എത്ത്തിച്ചെരണമെന്നു മനസ്സിലായെങ്കിലും, എങ്ങിനെ എന്ന് അറിയാതെ സംഭ്രമിച്ചു നില്‍ക്കാനേ കഴിയുന്നുള്ളൂ. അനവസരങ്ങളില്‍ അലോസരമുളവാക്കുന്ന സമീപനങ്ങളെ ധാഷ്ട്ര്യത്ത്തോടെ പ്രതികരിച്ചതും, എന്തിനെയും മത്സര ബുദ്ധിയോടെ നോക്കി കണ്ടതും, കേള്‍ക്കുന്നവരുടെ മനോവീര്യം തളര്‍ത്തി സ്വന്തം മേല്‍കോയ്മ ഉറപ്പാക്കാന്‍ മനസാ വാചാ കര്‍മണാ ചെയ്തിരിക്കാനിടയുള്ള നടപടികളിലും, അവിവേക മനസ്സിന്റെ പ്രകോപനപരമായ പെരുമാറ്റത്തിലും ഇന്ന് ഖേദിക്കുന്നു. ബാധിക്കപ്പെട്ട എല്ലാവരോടും മാപ്പ് ചോദിക്കുന്നു.

മരണതുല്യമെന്നു അറിയുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി ഒന്നും ചെയ്യാന്‍ വയ്യാത്ത നിസ്സഹാവസ്ഥയില്‍ ജീവിക്കുന്നു. ഡി എച് എല്ലില്‍ ജോലി ചെയ്യുമ്പോഴാണ് സഹപ്രവര്‍ത്തകനായ സലിം അല്‍ ബാലുഷിയെ
സ്പോണ്സര്‍ ആക്കി ആറുവര്‍ഷം മുന്‍പ് അല്‍ സലിം ട്രകകിംഗ് സര്‍വീസ് എന്ന സ്ഥാപനത്തിന് രൂപം കൊടുത്തത്. ശമ്പളം നീക്കിയിരുപ്പ്, സുഹൃത്തുക്കളുടെ സഹായം, ഫിനാന്‍സ് കമ്പനി ലോണ്‍ എന്നിവ ചേര്‍ത്ത് രണ്ടു വര്ഷം കൊണ്ട് ഉണ്ടാക്കാന്‍ കഴിഞ്ഞ ആറു ട്രൈലരുകളും നാല് ചെറിയ വണ്ടികളും എല്‍ എല്‍ സി കമ്പനി രജിസ്റ്റര്‍ ചെയ്തു ഭദ്രമാക്കുന്നതിനു മുന്‍പേ സലിം അല്‍ ബലൂഷി കൈക്കലാക്കി. ശ്രമ ഫലം തുടങ്ങുന്നതിനു മുന്‍പേ മൂലധന നഷ്ടവും എടുത്താല്‍ പോന്താത്ത സാമ്പത്തിക ബാധ്യതയും. ഗോള്‍ഡന്‍ ഗേറ്റ് ഗ്ലോബല്‍ എന്ന എല്‍ എല്‍ സി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സാമ്പത്തികമായി ഒരു ഗുണവും ചെയ്തില്ലെന്ന് മാത്രമല്ല, സലിം ട്രക്കിംഗ് സെര്‍വിസിന്റെ പേരില്‍ എന്റെ ചെക്കിന്റെ ഉറപ്പിന്മേല്‍ വാങ്ങിയ ഫിനാന്‍സ് കമ്പനി ലോണ്‍ അടച്ചു തീര്കേണ്ടതിലെക്കായി വീണ്ടും ഉണ്ടാക്കിയ ആസ്തി വിട്ടു കൊടുക്കേണ്ടി വരികയും ചെയ്തു.

പരിപാലനവും സംരക്ഷണവും ഉറപ്പാക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിയപ്പോള്‍, വേറെ വഴിയില്ലാതെ കുടുംബത്തെ
വിഷമത്തോടെയെങ്കിലും നാട്ടില്‍ അയച്ചു. എട്ടു വര്‍ഷങ്ങള്‍ കൊണ്ട് ഒന്നൊന്നായി വാങ്ങിയ ദാര്സൈട്ടിലെ രണ്ടു മുറി ഫ്ലാറ്റില്‍ ഉണ്ടായിരുന്ന എല്ലാ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറും പായ്ക്ക് ചെയ്തു കടല്‍ മാര്‍ഗ്ഗം നാട്ടിലേക്കയച്ചു. എല്ലാം നല്ലതിനായിരുന്നു എന്ന് കാലം തെളിയിക്കുന്നു. എച് ഡി എഫ് സിയില്‍ നിന്നും ലോണ്‍ വാങ്ങി പണിതു രണ്ടു വര്‍ഷമായി പൂട്ടിയിട്ടിരുന്ന സ്വന്തം വീട്ടില്‍ താമസം തുടങ്ങാന്‍ വിജുവിനു കഴിഞ്ഞു. അമ്മ തന്ന പത്ത് പ്ലാസ്റ്റിക്‌ കസേരകളും, വിജു വാങ്ങിയ അഞ്ചാറ്
പുല്പായകളും, അത്രയും തലയിണകളും മാത്രമുണ്ടായിരുന്ന വീട് ഇവിടെ നിന്നെത്തിയ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറും കൊണ്ട് സമ്പന്നമായി. നാട്ടിലെ സ്കൂളില്‍ ചേര്‍ത്തത് വീണക്കു  നമ്മുടെ സംസ്കാരവുമായി ഇണങ്ങിച്ചേരാനുള്ള അവസരമായി. അവിടെനിന്നും കലാമണ്ഡലം എന്ന (എന്റെ) സ്വപ്ന (പിന്നീട് അവരുടെ) സാക്ഷാല്‍കാരവും.  ചെന്നൈ എച് സി എല്ലില്‍ ജോലി നേടുക വഴി പ്രവീണിനും ഔദ്യോഗിക ജീവിതം ആരംഭിക്കാനായി. വിജു ഹാപ്പി. പ്രവീണ്‍ ഹാപ്പി. വീണ ഹാപ്പി. സംശയിക്കേണ്ട, മി ടൂ.

സമാധാനിക്കാന്‍ വക ഇനിയുമുണ്ട്. ഇരുപത്തേഴു സെന്റില്‍ നിന്ന് ഏഴര വിറ്റ്‌  എച് ഡി എഫ് സി ഹോം ലോണ്‍ അക്കൗണ്ട്‌ അവസാനിപ്പിച്ചു. വീണ്ടും ഒരെഴുകൂടി വിറ്റ്‌ വേറെയും കുറച്ചു കട ബാധ്യതയിലേക്ക് കൊടുത്തു. ബാക്കിയുള്ള, ബാധ്യതകള്‍ ഇല്ലാത്ത പതിന്നാലു സെന്റും രണ്ടായിരത്തി മുന്നൂറു എസ എഫ് ടി വീടും വിജുവിന്റെ പേരിലാക്കി. രണ്ടായിരത്തി അഞ്ചു മോഡല്‍ ടാറ്റാ ഇന്‍ഡിഗോ മരിന കാര്‍ മാറ്റി പ്രവീണിന്റെ പേരില്‍ രണ്ടായിരത്തി
ആറു മോഡല്‍ ടാറ്റാ സഫാരി വാങ്ങി. മത്സര പരീക്ഷകള്‍ എഴുതാതെ, കാപിറ്റേഷന്‍ ഫീ കൊടുക്കാതെ, നാമ  മാത്രമായ ചിലവില്‍, പത്തു വര്‍ഷം കൊണ്ട് വീണക്കു കലാമണ്ഡലം ഡോക്ടറേറ്റ്‌ എടുത്ത് പുറത്തു വരാം. അവിടേക്ക് ഇനി എട്ടു വര്ഷം മാത്രം. അതിന് ശേഷം അവള്‍ക് അവളുടെതായ ലോകം. പ്രവീണിന് ഒരു നല്ല ജോലിയും വരുമാനവും ഉണ്ടായാല്‍, അമ്മയെയും അനുജത്തിയും സംരക്ഷിക്കാനുള്ള വിവേക മനസ്സ് അവനു ഉണ്ടായാല്‍, അവരുടെ കാര്യം ബുദ്ധിമുട്ടില്ലാതെ കഴിയാം എന്നത് ആശ്വാസം. ഇനി ഞാന്‍ ഇല്ലാതായാലും അവരെ ബാധിക്കാന്‍ ഇടയില്ല എന്നത് ഓര്‍ക്കാന്‍ തന്നെ സുഖം.

ഏഴര മാസം നാട്ടില്‍ നില്‍കേണ്ടി വന്നപ്പോള്‍ തോന്നി ഏതാണ്ട് നാല്‍പതു കൊല്ലം ബൈക്ക് കാറിന്റെ ലൈസന്‍സില്‍ ഉപയോഗിക്കുമെങ്കിലും, ഇല്ലാതിരുന്ന ടു വീലര്‍ ലൈസന്‍സ് എടുക്കാം എന്ന്. എജെന്റ്റ്‌ ചെറിയ വണ്ടിയില്‍ ടെസ്റ്റ്‌ കൊടുക്കാം എന്ന് പറഞ്ഞെങ്കിലും സ്വന്തം ബുള്ളെറ്റില്‍ മതി എന്ന് തോന്നി. എട്ടു എടുക്കാന്‍ തനിച്ചും, രാമദാസനെയും വീണയേയും ഇരുത്തിയും
പരിശീലിച്ചു. മറ്റു പരിശീലകരും പരിശീലിക്കാന്‍ വന്നവരും അസൂയയോടെ നോക്കി നില്‍ക്കുന്നത് ലേശം അഹങ്കാരി ആക്കിയോ എന്ന് തോന്നിയിട്ടുണ്ട്. വലിയ ആത്മ വിശ്വാസത്തോടെ ടെസ്റ്റിനു പോയെങ്കിലും എട്ടു എടുക്കുമ്പോള്‍ വണ്ടിയോട് കൂടി വീണു പരാജിതനായി. വീണ്ടും ടെസ്റ്റിനു ദിവസം എടുത്തു പൂര്‍ണ സമര്‍പ്പണത്തോടെ ചെയ്തപ്പോള്‍ എല്ലാം ശരിയായി. എന്തെങ്കിലും അപകടം ഉണ്ടായാല്‍ വീട്ടുകാര്‍ക്ക് ഇന്‍ഷുറന്‍സ് തുക കിട്ടുമെന്ന് ഉറപ്പിക്കാന്‍ ആണ് ലൈസന്‍സ് എടുത്തത്‌. പിന്നീട് എല്ലാവരുടെയും നിര്‍ബന്ധത്താല്‍ ബുള്ളറ്റും ഹെല്‍മെറ്റും കൊടുത്തു.

കട ബാധ്യതകള്‍ ഒന്നും ഇല്ലാതെ (തെറ്റാണെന്ന് തോന്നുന്നു. അങ്ങിനെ പറയാന്‍ വിജു സമ്മതിക്കില്ല. പാവം. പ്രശ്നങ്ങള്‍ ചിലത് അവിടെയും ഇല്ലാതിരുന്നിട്ടില്ല. അതിലേക്കു പിന്നെ വരാം) ചെന്നൈയില്‍ ജീവിച്ചുപോന്ന ഈ പാവം മേനോന് ഒന്നരക്കോടി കടക്കാരനാകാന്‍ എത്ര പെട്ടെന്നാണ് കഴിഞ്ഞത് എന്ന് ഒരു സാക്ഷിയായി നോക്കുമ്പോള്‍ തോന്നുന്നു ‘ഞാന്‍ ആരാ മോന്‍’.

അബ്ദുല്‍ സമദിന്റെ യാത്ര ഒക്ടോബര്‍ അഞ്ചിന് ശരിയാക്കിയിട്ടുന്ടെന്നും ടിക്കറ്റ്‌ ഈ മാസം മുപ്പതിന് തരാമെന്നും പറഞ്ഞു ഹമദ് മസ്കരി വിളിച്ചിരുന്നു. പെര്മിടില്‍ ലിമിറ്റ് കഴിയുവോളം ഒന്നരാടമെങ്കിലും അയാള്‍ക്ക് വിസ്കിയും ബീയറും വാങ്ങിക്കൊടുക്കാന്‍ പോണം. സസന്തോഷം ചെയ്തുകൊണ്ടിരിക്കുന്നു. സ്പോണ്സര്‍ രേഹമ അല്‍ ഗസാലിയുടെ ടൊയോട്ട കൊറോള കാര്‍ അവരുടെ ആവശ്യപ്രകാരം തിരിച്ചേല്പിച്ചു മടങ്ങും വഴി ഹമദ് മസ്കരി നിര്‍ബന്ധിച്ചു തന്ന അയാളുടെ മാക്സിമ കാറാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് മാത്രമല്ല. എന്നെക്കൊണ്ട് ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്നു എന്ന സുഖമായ അനുഭൂതിക്കുവേണ്ടി.

പ്രവീണ്‍ പാമ്പാടി നെഹ്‌റു എന്ജിനീയറിംഗ് കോളേജില്‍ വച്ച് നടന്ന ബാങ്ക് ടെസ്റ്റ്‌ എഴുതി അര മണിക്കൂറില്‍ എത്തുന്ന ചെന്നൈയിലേക്കുള്ള ട്രെയിനില്‍ കയറാന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എതിയത്രേ. അവനെക്കൊണ്ട്‌ ബാങ്ക് ടെസ്റ്റ്‌ എഴുതിക്കുക എന്ന ആഗ്രഹം നടന്നു. ഫലത്തില്‍ ആകാംക്ഷ ഇല്ല. ഇത് ഒരു അനുഭവത്തിന് വേണ്ടി. റാങ്ക് ലിസ്റ്റില്‍ വരും വരെ ഇത്തരം പരീക്ഷകള്‍ എഴുതിക്കൊണ്ടിരിക്കനമെന്നുള്ള എന്റെ ആഗ്രഹം അവന്‍ നിറവേറ്റും എന്ന് കരുതുന്നു.

സെപ്റ്റംബര്‍ 10, 2013
സമയം ഉണ്ടായിരുന്നെങ്കിലും എഴുതാന്‍ തോന്നിയില്ല ഈ കഴിഞ്ഞ രണ്ടു ദിവസവും. ഹമദ് മസ്കരിയുമായി രുസ്ഥാഖില്‍ പോകാന്‍ തയ്യാറായി കാത്തിരിക്കയാണ്‌. ഇന്ന് എഴരക്ക്‌ പുറപ്പെട്ടു പോയി എക്സ്പ്രസ്സ്‌ വിസ എടുക്കാനായിരുന്നു പരിപാടി. ഇരുനൂറു കിലോമീറ്റര്‍ ദൂരമുണ്ട്. പത്തു മണിയായി. ഇനി ഇന്ന് പോയിട്ട് കാര്യമില്ല. ഏതാണ്ട് രണ്ടര മണിക്കൂര്‍ വേണം അവിടെയെത്താന്‍. പന്ത്രണ്ടു മണിയോടെ അപ്ലിക്കേഷന്‍ സ്വീകരിക്കുന്നത് മിനിസ്ട്രി അവസാനിപ്പിക്കും. സുധീശ് വിവാദത്തിന്റെ ഒത്തുതീര്‍പ്പിനായി ശിബുവുമോത്ത്‌ അല്‍ ഖുവൈര്‍ കോടതിയില്‍ പോയിരിക്കയാണ്‌ ഹമദ് മസ്കരി. അങ്ങേര്‍ക്കു കിട്ടേണ്ടതായിട്ടുള്ള ഇരുപതിനായിരം റിയാലിനൊപ്പം സുധീഷില്‍ നിന്ന് എനിക്ക് കിട്ടാനുള്ള ഒരു അറനൂറ് റിയാല്‍, സംബന്ധിച്ചു തീരുമാനവും ഉണ്ടാക്കാമെന്ന് ഹമദ് മസ്കരി ഏറ്റിരിക്കുന്നു. നോക്കാം.

ഇന്നലെ ഹസ്സന്‍ ബഹ്രൈനി പാകിസ്താനി ഹോട്ടല്‍ പരിസരത്ത് എത്തിയപ്പോള്‍ ഓഫീസ് ലോകേഷന്‍ അറിയാന്‍ വിളിക്കുമ്പോള്‍ ഒമാന്‍ ടെല്‍ കൌണ്ടറില്‍ ടെലിഫോണ്‍ കണക്ഷനുള്ള ഫോറം പൂരിപ്പിക്കുകയായിരുന്നു. അയാള്‍ ഓഫീസില്‍ വന്നിരുന്നു. ബര്‍ക ഓഫീസിന്റെ ഇപ്പോഴത്തെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തു കമേര്‍ഷ്യല്‍ രേജിസ്ട്രറേനില്‍ ബംഗ്ലാദേശി ഫര്‍ഹാദിനുവേണ്ടി പുതിയ ഇനമായി ചേര്‍ത്ത സോഫ, കര്ടന്‍, കാര്‍പെറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി ബല്‍ദിയയില്‍ നിന്ന് പുതിയ അഗ്രീമെന്റ് ഉണ്ടാക്കി തരാമെന്നും എറ്റിട്ടുണ്ട്. അയാളുടെ നേരത്തെ ഉള്ള നിലപാട് മാറ്റിയിരിക്കുന്നു. നല്ലത്. ഫോര്‍ഹാദിനെ വിളിച്ചു പുതിയ സ്ഥലം കണ്ടുവെച്ചത് എടുക്കെണ്ടതില്ലെന്നു അറിയിച്ചിട്ടുണ്ട്.

12.09.2013
ഇന്ന് ബൈജു എത്തും. ഇന്നലെ രുസ്ഥാഖില്‍ പോയി പ്രതാപ് രേദ്ദി, സവെന്ദര്‍ രജോഭ എന്നിവര്‍ക്കു എക്സ്പ്രസ്സ്‌ വിസക്ക് അപേക്ഷിച്ചിട്ടുണ്ട്. ഓണ്‍ ലൈനില്‍ നോക്കി സ്റ്റാറ്റസ് അറിയണം. ബര്‍ക ഓഫീസി ചാവി ഇന്നലെ കൊടുക്കാമെന്നു ഹസ്സന്‍ ബഹ്രൈനി ഏറ്റിരുന്നു. ഇതുവരെ കിട്ടിയില്ലെന്ന് ഫോര്‍ഹാദ്. അബ്ദുള്ള അല്‍ ഷിബ്ലി പൈസക്ക് വേണ്ടി വന്നിരുന്നു. കൊടുക്കാന്‍ ഉണ്ടായിരുന്നില്ല. ഇന്നലെ രുസ്ഥാഖില്‍ നിന്നും തിരുച്ചു വരുമ്പോള്‍ നാഷണല്‍ ബാങ്ക് ഓഫ് ഒമാന്‍ രീകൊവേരി ചീഫ് വിളിച്ചിരുന്നു. പേര്‍സണല്‍ ലോണ്‍ രീഷേട്യൂല്‍ ചെയ്തു പ്രതിമാസ തവണ നിസ്ച്ചയ്ചിരുന്നു എങ്കിലും അഞ്ചു മാസമായി ഒരു തവണപോലും അടക്കാന്‍ പറ്റിയില്ല. ന്യൂ ഇന്ത്യ അസ്സുരന്‍സ് കമ്പനിയില്‍ നിന്നും ഓര്‍മിപ്പിക്കുന്നുണ്ട്. ടാജീര്‍ ഫിനാന്‍സില്‍ നിന്നും ഫൈസല്‍ മൂന്നു നാല് ദിവസം മുന്‍പാണ്‌ വിളിച്ചത്. ദുബൈയില്‍ നിന്നും അല്‍ താലിബ് രജിതന്‍ സാറിന്റെ വിളി വരാറായിട്ടുണ്ട്.

ഉച്ച ഭക്ഷണത്തിനുശേഷം മൊബൈല്‍ സൈലന്റ് മോഡില്‍ വച്ചു അല്പം വിശ്രമം പതിവുണ്ട്. ഇന്നലെ രുസ്ഥാഖില്‍ നിന്നും തിരിച്ചെത്തി ക്ഷീണം കാരണം പെട്ടെന്ന് കിടന്നു. മൊബൈല്‍ സൈലന്റ് മോഡില്‍ വച്ചില്ല. മൂന്നു മണി കഴിഞ്ഞപ്പോള്‍ വന്ന വിജുവിന്റെ മിസ്സ്ഡ് കാള്‍ ഉറക്കം കളഞ്ഞു. മനസ്സാന്നിധ്യം വിടരുതെന്ന മുഖവുരയോടെ പൂരം കുറീസ് നറുക്ക് വീണ കാര്യം പറഞ്ഞു. ഇരുപത്തി അഞ്ചു ലക്ഷത്തിന്റെ കുറിയാണ്. നൂറ്റി എന്പതെഴു മാസം പതിനഞ്ചു ആയിരം രൂപ അടവ്. ഇത് ഇരുപത്തി നാലാം മാസം. ഹൌസിംഗ് ലോണ്‍ അടക്കാന്‍ സഹായകം ആയേക്കും എന്ന് കരുതി ജീവിതത്തില്‍ ആദ്യമായി ഒരു കുറിയില്‍ ചെര്നതാണ്. പതിനെട്ടു ലക്ഷത്തോളം വിളി
പോകുന്നതുകൊണ്ട്‌ ആറായിരത്തി അഞ്ഞൂറില്‍ കൂടുതല്‍ അടക്കേണ്ടി വന്നിട്ടില്ല. അത് തന്നെ ഇനി എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്ന അവസ്ഥയില്‍ ആയിരുന്നു. എന്തായാലും വലിയ ആശ്വാസമായി. തുടര്‍ന്നുള്ള തവണകള്‍ അടയ്ക്കാനും വീട്ടു ചിലവിനുള്ള  സ്ഥിരമായ ഒരു വരുമാനം ഉറപ്പു വരുത്താനും ഈ കിട്ടുന്ന തുകകൊണ്ട് ഇനി സാധിക്കും. കുറെ വര്‍ഷങ്ങളായി ഇപ്പോള്‍ ഇരുപതോളം കുറികളില്‍ അംഗം ആയി അനുഭവ വൈദഗ്ദ്യം ഉള്ള സുഹൃത്ത്‌ പാലിശ്ശേരി രാമദാസിനെ തുടര്‍ നടപടികള്‍ക്കായി എല്പിച്ച്ചിട്ടുണ്ട്.

രേട്ടിയുടെയും രജോഭയുടെയും എക്സ്പ്രസ്സ്‌ വിസ റെഡി എന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ വെബ്‌ സയിറ്റില്‍ കണ്ടു. രേട്ടിയെ അറിയിച്ചു. ഹമദ് മസ്കരിയെയും കൂടി ഇന്ന് വൈകീട്ട് എയര്‍പോര്‍ട്ടില്‍ നിന്നും വിസ വാങ്ങിക്കണം.

വീണയുടെ അരക്കൊല്ല പരീക്ഷ കഴിഞ്ഞ് വീട്ടിലേക്കു പുറപ്പെട്ടിരിക്കുന്നു. ഭോപാലില്‍ നിന്നും അവധിക്കുവന്ന ജ്യേഷ്ടന്‍ മോഹനന്റെ കൂടെയാണ് ഇന്ന് വീണയെ കൊണ്ടുവരാന്‍ ദാസന്റെ വണ്ടിയില്‍ വിജു ചെറുതുരുത്തിയില്‍ പോയിരിക്കുന്നത്. കഴിഞ്ഞ പരീക്ഷകള്‍ നന്നായി എഴുതിയിട്ടുണ്ടെന്നും, ബസ്‌ സമരം മൂലം മാറ്റിവെക്കപ്പെട്ട രണ്ടു സുബ്ജെക്റ്റ് ഒണാവധിക്കുശേഷം ഉണ്ടാകുമെന്നും പറഞ്ഞു. വീണയുടെ അകാടെമിക്സിന്റെ കാര്യത്തില്‍ എന്തോ എനിക്ക് ഒരു ഉള്ഖണ്ടയും
ഇല്ല. ദാര്സൈറ്റ് ഇന്ത്യന്‍ സ്കൂളില്‍ രണ്ടിലോ മറ്റോ പഠിക്കുമ്പോള്‍ ഒരിക്കല്‍ ഏതോ ആരും വിഷയത്തിനു എന്താ മാര്‍ക്ക്‌ കുറഞ്ഞത്‌ എന്നതിന് എനിക്ക് അത്രയും മതി അഛാ എന്നാണ് കുട്ടി പറഞ്ഞത്. അത് ശരിതന്നെ എന്ന് എനിക്കും തോന്നി. എന്തിനാ കുറെ അധികം മാര്‍ക്ക്. ആവശ്യത്തിനു പോരെ. മതി. പിന്നീട് ഏട്ടാം ക്ലാസ്സില്‍ കപ്പല്‍ പള്ളി സ്കൂള്‍ പരീക്ഷയുടെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടുമായി ക്ലാസ്സ്‌ ടീച്ചറെ കാണേണ്ടതുണ്ടായിരുന്നു. വീണക്കു മാര്‍ക്ക്‌ കുറവാണു. കുട്ടി സ്മാര്‍ട്ട്‌ ആയതുകൊണ്ട് ഇമ്പ്രൂവ് ചെയ്തുകൊള്ളും. ഒന്ന് ശ്രദ്ധിക്കണം എന്ന് മാഷ്. എന്റെ കുട്ടിക്ക് അത്രയും മതി എന്ന് ഞാന്‍ പറഞ്ഞപ്പോള്‍
മാഷടെ മുഖം ഒന്ന് കാണേണ്ടതായിരുന്നു. എല്ലാവരും പോരാ പോരാ എന്ന് മുറവിളി കൂട്ടുമ്പോള്‍, മതി, ഇതുതന്നെ ധാരാളം എന്ന് നിലപാട് സ്വീകരിച്ച, സ്വീകരിക്കുന്ന, സ്വീകരിക്കനിരിക്കുന്ന ഒരച്ച്ചനും മകളും. പ്രവീണിന്റെ കാര്യത്തിലും ഒരിക്കലും കുറച്ചുകൂടി മാര്‍ക്ക്‌ വാങ്ങിക്കാന്‍ കഴിയില്ലേ എന്ന് ചോദിച്ചിട്ടില്ല. അല്ലാതെ തന്നെ അവന്‍ നല്ല ഗ്രേഡില്‍ പാസ്സയിട്ടുണ്ട്. കോളേജില്‍ ലേശം ഉഴപ്പി. അത്രയേ ഉള്ളു. അത് പ്രായത്തിന്റെ. എന്നാലും ഞാന്‍ ഉഴപ്പിയ അത്രക്കും ഇല്ല. സിമ്പിള്‍.

എയര്‍പോര്‍ട്ടില്‍ നിന്നും ബൈജു വിളിച്ചിരുന്നു. വീട്ടില്‍ പോയി ഫ്രഷ്‌ ആയി ഓഫീസില്‍ വരാമെന്നു. ഓണത്തിനു ഇനി മൂന്നു ദിവസം കൂടി. ബൈജു അത് കഴിഞ്ഞിട്ടു വന്നാലും മതിയായിരുന്നു. കാര്യങ്ങള്‍ എങ്ങനെ മുന്നോട്ടു പോകുന്നു എന്നറിയാന്‍ രഹമ വിളിച്ചിരുന്നു. സുധിഷ് വിളിച്ചു, ഫോണ്‍ എടുത്തില്ല. ഹമദ് മസ്കരി ഏഴു മണിക്ക് വിസ വാങ്ങാന്‍ പോകാന്‍ തയ്യാറായി നില്‍ക്കാമെന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട്. തല്‍ക്കാലം ഇന്നലത്തെ ബാക്കി ഭക്ഷണം ചൂടാക്കി ഉച്ചക്ക് കഴിക്കണം, കിടക്കണം.

സവിശേഷമായി പറയത്തക്ക മാറ്റങ്ങളോ നേട്ടങ്ങളോ സംഭവിക്കാതെ ഒരു ഓണം കൂടി കടന്നു പോയിരിക്കുന്നു. വിജുവിന്‍റെ തറവാട് പൊളിക്കാന്‍ എര്പാടാക്കിയത്രേ. വിജുവിന്റെ ജ്യേഷ്ടന്‍ മോഹന്‍ അവിടെയാണ് അയാള്‍ക്കുള്ള വീട് പണിയുന്നത്‌. വീണയുടെ പല്ല് കെട്ടിച്ചത് മുറുക്കാന്‍ ഡോക്ടറുടെ അടുത്ത് പോയിരുന്നുവത്രെ. പ്രവീണ്‍ ശനിയാഴ്ച മോഹന്‍ പോകുന്നതിനുമുന്പ് എത്തുന്നുണ്ട്. രണ്ടു എക്സ്പ്രസ്സ്‌ വിസ കിട്ടിയത് രേട്ടിയുടെ ഈമെയിലില്‍ അയച്ചുകൊടുത്തു. പോലീസ്‌ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ ഉടനെ അവരിങ്ങെത്തും. പ്രേമക്കും അഖിലിനും ജാമ്യം എടുക്കാന്‍ വിജു അവരോടൊപ്പം പോയിരുന്നു. ജയരാജന്റെ മകന്‍ ജിത്തുവിന്റെ കല്യാണത്തിന് കാര്യമായി ഒന്നും കൊടുക്കാന്‍ പറ്റിയില്ല. അതില്‍ അങ്ങേര്‍ക്കു വിഷമം ഉണ്ടെന്നു പിന്നീട് കുറെ ദിവസങ്ങള്‍ക്കു ശേഷം വന്ന ഇമെയിലില്‍ നിന്നും മനസ്സിലായി. ഇനി എപ്പോഴെങ്കിലും ഒരവസരം ഒത്തുവരുമ്പോള്‍, സാധിക്കുമെങ്കില്‍ എന്തെങ്കിലും കാര്യമായി ചെയ്യണം.

നാട്ടില്‍ തറവാട്ടിലെ മരിച്ചുപോയ വത്സല ചേച്ചിയുടെ മകള്‍ വരുണയുടെ വിവാഹം കഴിഞ്ഞു. വീടിന്നടുത്ത്‌ പുതിയ താമസക്കാരില്‍ ഒരാള്‍ നിര്യാതനായി. വടക്കേ പറമ്പില്‍ പുതിയ വീട്ടുകാര്‍ താമസം തുടങ്ങി. എഞ്ചിനീയര്‍ ശ്രീകുമാര്‍ വീട് പണി തീര്‍ത്തു വീട്ടിലെക്കാവശമായ സാധന സാമഗ്രികള്‍ അടുപ്പിച്ചുകൊണ്ടിരിക്കുന്നു. കൊയംബതുരിലേക്ക് സ്ഥലം മാറ്റം ആയതുകൊണ്ടാവാം ഒറിയന്റല്‍ ബാങ്ക് മാനേജര്‍ മുരളി വീട് പണി തല്‍കാലം നിര്‍ത്തി വച്ചിരിക്കുന്നു. വേറെ ഒരു വീട് കൂടി പടിഞ്ഞാറെ പറമ്പില്‍ നിര്‍മാണം തുടങ്ങിയിരിക്കുന്നു. ജ്യേഷ്ടന്‍ രമേശ്‌ ആളുടെ വീട് പണി കഴിയാത്തതില്‍ അല്പം സംഘര്‍ഷത്തിലാണ്.

ബൈജു തിരിച്ചെത്തി. ആറു മാസത്തേക്കാണ് നിക്ഷേപകവിസ. രേസിടെന്റ്റ് കാര്‍ഡ്‌, ലിക്കര്‍ പെര്‍മിറ്റ്‌ എന്നിവ എടുത്തു. ഇനി ആറു മാസം കഴിഞ്ഞ് ഇവിടുത്തെ നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ രണ്ടു വര്‍ഷത്തേക്കുള്ള വിസ ലഭിക്കും. ആളുമായി നേരത്തെ ഉണ്ടായിരുന്നതില്‍നിന്നും ചെറിയ വ്യത്യാസം വരുത്തി പുതിയ ധാരണയില്‍ എത്തി. ആളുടെ സഹായി ആയി എത്തിയിട്ടുള്ള പാലക്കാട്ടുകാരന്‍ പ്രജീഷിന്റെ കാര്യവും സംസാരിക്കേണ്ടി വന്നു.

ബംഗാളി ഫര്‍ഹാദിന് ഇതുവരെയും ബര്‍ക ഓഫീസിന്റെ വാടക കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതും ഞാന്‍ തന്നെ കൊടുക്കേണ്ടി വരും. അത് ഒഴിഞ്ഞു കൊടുത്തു അവസാനിപ്പിക്കാന്‍ നോക്കണം. ഇപ്പോള്‍ ഫര്‍ഹാദിനെ വിളിച്ചിട്ട് കിട്ടുന്നും ഇല്ല. എന്താണ് അവിടെ ഇപ്പോഴത്തെ നില എന്നറിയില്ല. ഒന്ന് അവിടം വരെ പോകേണ്ടി വരും.

23 September 2013
ഒന്നും ചെയ്യാനില്ലാതിരുന്നതുകൊണ്ടാകാം എന്തെങ്കിലും എഴുതാനും തോന്നിയില്ല. ഇന്നലെ പ്രവീണ്‍ ചെന്നൈയിലേക്ക് തിരിച്ചു പോയി. അവന്റെ കൂട്ടുകാരന്‍ ലാജിയുടെ ജ്യേഷ്ടന്‍ ഇവിടെ ജയിലില്‍ ആണത്രേ. അയാള്‍ എന്തോ ബിസിനസ്സ് ചെയ്യുന്നുണ്ടായിരുന്നു. അതിന് കണ്ട മൂലധനം അയാള്‍ മുന്‍പേ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് തിരിമറി നടത്തിയതായിരുന്നെന്നും അതിന്റെ പേരില്‍ മുന്‍ സ്പോണ്സര്‍ കൊടുത്ത പരാതിയില്‍ റോയല്‍ ഒമാന്‍ പോലീസിന്‍റെ നടപടി ക്രമത്തിന്റെ ഭാഗമായിട്ടാണ് അയാളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പ്രവീണ്‍ വേറൊരു സുഹൃത്ത്‌ മുഖാന്തരം അറിഞ്ഞതായി വിജു പറഞ്ഞു.

ബര്‍ക ഓഫീസിന്‍റെ വാടക ഫര്‍ഹാദ് ഇതുവരേക്കും കൊടുത്തില്ല. എനിക്കും കൊടുക്കാന്‍ പറ്റിയില്ല. ഇന്നലെ ഹസ്സന്‍ ബഹ്രൈനി ഘാല ഓഫീസില്‍ വന്നിരുന്നു. ഹമദ് മസ്കരിയുടെ സാന്നിധ്യത്തില്‍ ബര്‍ക ഓഫീസി പ്രവര്‍ത്തനം അവസാനിപ്പിച്ചുകൊണ്ടും അവിടെയുള്ള രണ്ടു എയര്‍ കണ്ടിഷന്ര്‍, ഒരു സ്റ്റീല്‍ മേശ, കമ്പനി ബോര്‍ഡ്‌ എന്നിവ തിരിച്ചെടുത്തു സ്ഥലം കാലിയാക്കാമെന്നുമുള്ള തീരുമാനം ഹസ്സന്‍ ബഹ്രൈനി സമ്മതിച്ചതോടെ ആ ഒരു പ്രശ്നം ആശ്വാസകരമായി പരിഹരിക്കപ്പെട്ടു. വാടക കൊടുക്കണം. സാധനങ്ങള്‍ അവിടെനിന്നും മാറ്റണം.

ഘാല ഓഫീസ് ബാല്ദിയയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബിജുവിനെ ഏല്പിച്ചിട്ടുണ്ട്. ഇനി രേജിസ്ട്രെദ് ഓഫീസ് മന്ത്രാലയത്തില്‍ മാറ്റിച്ചു  പുതിയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിക്കണം.

പ്രതാപ് രേട്ടിക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇതുവരെ കിട്ടിയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. രണ്ടു ദിവസത്തിനുള്ളില്‍ കിട്ടിയെക്കാമെന്നും ഇരുപത്തി അഞ്ചാം തീയതിയോടെ ഇവിടെ എത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

01.10.2013
ഇരുപത്തി എഴാം തിയതി വെള്ളിയാഴ്ച രേട്ടി എത്തി. എക്സ്പ്രസ്സ്‌ വിസയുടെ രണ്ടു ദിവസം വെറുതെ ആയി. ഞായറാഴ്ച മന്ത്രാലയം തുറക്കുമ്പോള്‍ അയാള്‍ക്കുവേണ്ടിയുള്ള വിസ നടപടിക്രമങ്ങള്‍ തുടങ്ങാം. വിസ മസ്കറ്റ് എയര്‍പോര്‍ട്ടില്‍ കൊടുക്കേണ്ടതില്ലെന്നും അല്ലാതെ തന്നെ വ്യാഴാഴ്ച വന്നുകൊള്ളാമെന്നും അയാള്‍ പറഞ്ഞിരുന്നെങ്കിലും വിസ കൊടുത്തു രസിതി വാങ്ങി വച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ട് മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും വിളിച്ചു വിസ കൊടുത്ത രസിദ് ഇമെയില്‍ അയക്കാന്‍. എന്നിട്ടും ബുക്ക്‌ ചെയ്ത വിമാനയാത്ര നടന്നില്ല. ടിക്കറ്റ്‌ ക്യാന്‍സല്‍ ആയി പൈസയും തിരിച്ചു കിട്ടിയില്ല. അടുത്ത ദിവസത്തേക്ക് ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പൈസ വേണമെന്ന് പറഞ്ഞത് അയച്ചുകൊടുത്തു.

നാല്പതു ശതമാനം ഓഹരി രണ്ടു പേരുടെ പേരിലായി വാങ്ങാമെന്നു ഉറപ്പിച്ചു പോയ ആള്‍ തനിയെ വന്നു പത്തു ശതമാനം ഓഹരിയില്‍ ഒതുങ്ങി. ഒരു എക്സ്പ്രസ്സ്‌ വിസ ക്യാന്‍സല്‍ ചെയ്യണം. എന്തെങ്കിലും ആകട്ടെ.

എന്‍ ബി ഒ യില്‍ നിന്ന് സമ്മര്‍ദം ഏറി വരുന്നു. വ്യാഴാഴ്ച സാലം അല്‍ ഹബ്സിയെ കണ്ടു. ഇനി തവണകളായി അടക്കാന്‍ അനുവദിക്കില്ലെന്നും, മുഴുവന്‍ തുകയും ഉടനെ തിരിച്ചു അടക്കാത്തപക്ഷം ഫയല്‍ ലീഗല്‍ സെല്ലിലേക്ക് കൈമാറുമെന്നും പറഞ്ഞു. അടുത്ത പ്രവര്‍ത്തി ദിവസമായ ഞായറാഴ്ച തീരുമാനം അറിയിക്കാമെന്ന് പറഞ്ഞു പോന്നു. ഹമദ് മസ്കരിയെയും കൂട്ടിയാണ് ഞായറാഴ്ച സാലം അല്‍ ഹബ്സിയെ കാണാന്‍ ചെന്നത്. ഒരു മാസം സമയവും ഭേദപ്പെട്ട ഇളവും അനുവദിക്കുന്ന പക്ഷം മുഴുവന്‍ തുകയും തിരിച്ചടക്കാമെന്ന് സമ്മതിച്ചതനുസരിച്ചു മാനേജരുമായി ചര്‍ച്ച ചെയ്തു തീരുമാനം അവര്‍ നമ്മളെ രണ്ടു ദിവസം കഴിഞ്ഞ് അറിയിക്കും.

ഇന്നലെ ന്യൂ ഇന്ത്യ അസ്സുരന്‍സ് കമ്പനിയില്‍ നിന്ന് മുഹമ്മദ്‌ വന്നിരുന്നു. എല്ലാം അവസാനിപ്പിക്കേണ്ടതുണ്ട്. വൈകിക്കൊണ്ടിരിക്കുന്നു. കുറി കിട്ടിയതില്‍ ബാക്കി ഉള്ളതുകൊണ്ട് പറ്റാവുന്നത് ചെയ്യണം. അതേ ഇപ്പോള്‍ ഒരു വഴിയുള്ളൂ. നീക്കിയിരിപ്പുണ്ടെങ്കില്‍ ചെറുതുരുത്തിയില്‍ ഒരു ചെറിയ സ്ഥലം വാങ്ങാമെന്നുണ്ടായിരുന്നു. നെറ്റില്‍ നിന്നും ഒന്ന് തപ്പിയെടുക്കുകയും ചെയ്തു. ചുങ്കം എന്ന സ്ഥലം. ആറു സെന്ട്. ഏഴര ലക്ഷം രൂപ. ഉടമസ്ഥനെ വിളിച്ചു സംസാരിച്ചു. പക്ഷെ ഇനി ഇപ്പോള്‍ പറ്റില്ല. പിന്നീട് എപ്പോഴെങ്കിലുo അവസരമുണ്ടായാല്‍ നോക്കാം.  അല്ലെങ്കിലും നേരത്തെ ആസൂത്രണം ചെയ്തിട്ട് ഒന്നും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അഹമ്മദാബാദിലെ പോരൂര്‍ ഈശ്വര്‍ അമി കൃപ ഹൌസിംഗ് കൊളോനിയിലെ ഫ്ലാറ്റ്, മനക്കൊടിയില്‍ അഡ്വാന്‍സ്‌ കൊടുത്ത സ്ഥലം, ഇവയൊന്നും എനിക്കുള്ളതായിരുന്നില്ല. യാതൊരു പദ്ധതിയും ഇല്ലാതിരുന്ന സമയത്താണ് ഇപ്പോഴത്തെ സ്ഥലം കൈവശം വന്നത്.

രണ്ടായിരത്തി ഏഴില്‍ ആണെന്ന് തോന്നുന്നു. ഡി എച് ല്‍ ഇല്‍ ജോലി. അവധിക്കു നാട്ടില്‍ പോയതാണ്. ഒരു വൈകുന്നേരം ചുമ്മാ നടക്കാനിറങ്ങി. വഴിയില്‍ നമ്പിടി ഉണ്ണി. സ്ഥിരം കുശലാന്വേഷണം. എന്നെത്തി? എന്ന് പോകും? ചിലവില്ലേ? വീട് വക്കുന്നില്ലേ? ഇത്യാതി. ങ്ഹാ. അഞ്ചോ പത്തോ സെന്ട് സ്ഥലം വാങ്ങണമെന്നുണ്ട്. പിന്നീട് എപ്പോഴെങ്കിലും സാധിച്ചാല്‍ ഒരു വീട് വക്കണം. ഉടനെ അങ്ങേരു തൊട്ടടുത്തുള്ള ഒരു സ്ഥലം കാണിച്ചു അത് നിനക്ക് കഴിവുണ്ടെങ്കില്‍ വാങ്ങിക്കോ എന്ന്. എന്നെ ഒന്ന് കൊച്ചാക്കിയതാണോ. സംശയം. ശരി. എന്നാല്‍ ഒന്ന് നോക്കിയിട്ട് തന്നെ കാര്യം. നേരെ ആ സ്ഥലത്തിന്റെ ഉടമസ്ഥന്റെ വീട്ടിലേക്കു വച്ച് പിടിച്ചു. ചെറുപ്പത്തില്‍ കളിയാക്കി കുട്ട്യാന എന്ന് ഞങ്ങള്‍ പറയാറുള്ള സ്വന്തം നാട്ടുകാരനും കുടുംബ സുഹൃത്തും ജ്യോതിഷിയും ആയ ബാലന്‍ പണിക്കര്‍. വീട് വെക്കാനുള്ള സമയം ആയിട്ടുണ്ടല്ലോ, സ്ഥലം വല്ലതും നോക്കി വച്ചിട്ടുണ്ടോ എന്ന് ഹൃദ്യമായ സംസാരത്തിനിടെ അദ്ദേഹം തിരക്കി. സ്ഥലം കണ്ടു. അത് വാങ്ങാന്‍ പറ്റുമോ എന്നറിയില്ല എന്ന് ഞാന്‍. ഏതാ സ്ഥലം – ബാലന്‍ പണിക്കര്‍. കൂട്ടാലെ അമ്പലത്തിന്റെ തെക്ക്, നമ്പിടി ഉണ്ണിയുടെ പറമ്പിന്റെ വടക്ക് ഉള്ള പറമ്പാണ് എന്ന് ഞാന്‍. എന്നാല്‍ അത് വാങ്ങിക്കൂടെ എന്ന് പണിക്കര്‍. അതിന് ഉടമസ്ഥന്‍ സമ്മതിക്കണം – ഞാന്‍. അത് നമ്മുടെ സ്ഥലം ആണ് അഛാ എന്ന് കേട്ടുനിന്ന അദ്ദേഹത്തിന്റെ മകന്‍ മുരളി. തരാം. മുപ്പത്തി അയ്യായിരം രൂപ സെന്റിന് വാടാനപിള്ളിയിലെ ഒരു മുസ്ലിം ചോദിച്ചിട്ടുണ്ട്. നാല്പത്തഞ്ചു സെന്ട് സ്ഥലം – പണിക്കര്‍. അമ്പലത്തിന്റെ സമീപം, അമ്പലവാസികളും ഹിന്ദുക്കളും താമസിക്കുന്ന ഭാഗത്ത്‌ മുസ്ലീമിന് തന്നെ സ്ഥലം കൊടുക്കണം എന്ന് പറഞ്ഞത് അദ്ദേഹത്തിന് ബോധ്യമായി. ഇരുപത്തഞ്ചില്‍ തുടങ്ങി മുപ്പതില്‍ കൊണ്ട് നിര്‍ത്തി, തിരിച്ചു വീട്ടില്‍ പോയി അന്ന് ആകെ ഉണ്ടായിരുന്ന അന്‍പതിനായിരം രൂപയുടെ ചെക്ക് മുന്‍കൂറായി നല്‍കി കച്ചവടം ഉറപ്പിച്ചു. ഒന്നിച്ചു വാങ്ങാന്‍ ഉള്ള ശേഷി ഇല്ലാത്തതുകൊണ്ടും, പത്തു സെന്ട് വാങ്ങാന്‍ ജ്യേഷ്ടന്‍ താല്പര്യം കാണിച്ചതുകൊണ്ടും അത്രയും കുറച്ചു ഇനി സംഘടിപ്പിച്ചാല്‍ മതിയല്ലോ എന്ന ആശ്വാസത്തോടെ പിറ്റേന്ന് തന്നെ മസ്കറ്റിലേക്ക് തിരിച്ചു പോരികയും ചെയ്തു. പിന്നീട് കരാര്‍ കാലാവധിക്കുള്ളില്‍ എച് ഡി ഫ് സി ഹൌസിംഗ് ലോണ്‍ സംഘടിപ്പിച്ചു സ്ഥലം രജിസ്റ്റര്‍ ചെയ്തു. നാല്പത്തി മൂന്നില്‍ പതിനഞ്ചു ജ്യേഷ്ടന് കൊടുത്തു ബാക്കി ഇരുപത്തെട്ടു സെന്‍ട്. ജീവിതത്തിലെ വലിയ ഒരു സംഭവം. അവിശ്വസനീയം എങ്കിലും സന്തോഷപ്രദം. പിന്നീട് തൃശ്ശൂര്‍ ബില്ടെര്സിനു കരാര്‍. വീട് പണി തീര്‍ന്നു താക്കോല്‍ വാങ്ങി പാലുകാച്ചല്‍ കഴിഞ്ഞതോടെ ഇരുപത്തെട്ടു ലക്ഷത്തിന്‍റെ ബാധ്യത. പതിനാറായിരത്തില്‍ നിന്ന് മുപ്പത്തി അയ്യായിരം രൂപ ആയി വലുതായ പ്രതിമാസ അടവ്. വീട്ടു ചിലവുകള്‍. കുട്ടികളുടെ പഠനം. അധിക വരുമാനം അനിവാര്യമായതുകൊണ്ട് ബിസിനെസ് സംരംഭം തുടങ്ങല്‍. ജോലി രാജി. ബിസിനെസില്‍ പരാജയം. നഷ്ടം. പിന്നീടങ്ങോട്ട് നിലനില്പിനുവേണ്ടിയുള്ള ശ്രമങ്ങള്‍. അതിപ്പോഴും തുടരുന്നു. ഏതാണ്ട് ഒന്നരക്കോടിയോളം ഉണ്ടായിരുന്ന ബാധ്യത ഇരുപത്തെട്ടിലെ പതിനാല് സെന്റു വിറ്റും, കമ്പനി ഷെയര്‍ കൊടുത്തും അറുപത്തഞ്ചു ലക്ഷത്തിലെത്തി നില്‍ക്കുന്നു. ആശ്വസിക്കാന്‍ വകയുണ്ടെങ്കിലും ബാക്കി കൂടെ തീര്‍ക്കാതെ സമാധാനം ആവില്ല. ഉദ്ദേശശുദ്ധിയോടെയുള്ള സമീപനത്തിന് ശരിയായ ഫലപ്രാപ്തി ഉണ്ടാകാതിരിക്കില്ല എന്ന് വിശ്വസിക്കുന്നു.

ഒക്ടോബര്‍ 7, 2013
വലീദ് എന്ന ഹമദ് മസ്കരിയുടെ സുഹൃത്ത്‌ ഇന്നലെ കോമെര്സ് മന്ത്രാലയത്തില്‍ രേട്ടിയുടെ കാര്യത്തിന് കൂടെ ഉണ്ടായിരുന്നു. വലീദിന്റെ കസിന്‍ എന്‍ ബി ഒ യിലെ ഒരു മാനേജര്‍ ആണ്. അദ്ദേഹം വഴി സാലം അല്‍ ഹബ്സിയെക്കൊണ്ട് അയ്യായിരത്തി അഞ്ഞൂറ് റിയാല്‍ സെട്ടില്മെന്റ്റ് തുക സംമതിപ്പിച്ച്ചതായി ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ആറായിരത്തില്‍ കുറയില്ലെന്നും മാനേജരുടെ അംഗീകാരം വാങ്ങിയിട്ട് അറിയിക്കമെന്നുമാണ് സാലം പറഞ്ഞിരുന്നത്. ഇനി സാലം വിളിക്കുന്ന മുറക്ക് അവിടെ പോയി ഒക്ടോബര്‍ 30 തിയതിക്ക് ചെക്ക് കൊടുക്കണം. 21 നു കുറി പൈസ കിട്ടിയാല്‍ നാട്ടില്‍ നിന്ന് പൈസ ഇവിടെ എത്തിച്ചു ചെക്ക് ക്ലിയര്‍ ചെയ്തു ആ കടം അവസാനിപ്പിക്കാം.

October 10, 2013
ഹരൂണ്‍ ഇന്ന് സകുടുംബം നാട്ടിലേക്ക് പോകുന്നു. അയാളുടെ വണ്ടിയില്‍ അവരെ എയര്‍പോര്‍ട്ടില്‍ വിട്ടിട്ടു തിരിച്ചുവന്നു. വണ്ടി ഒ ടി ഇ യില്‍ സര്‍വീസ് ചെയ്യിക്കെണ്ടതുണ്ട്. രേട്ടിയെ ഓഫീസില്‍ ഇരുത്തിയിട്ടാണ് ഹാരൂണിനെ വിടാന്‍ പോയത്. ഇന്നാണ് കോമ്മെര്‍സ് മന്ത്രാലയത്തില്‍ ഷെയര്‍ ട്രാന്‍സ്ഫര്‍ നടപടിക്രമങ്ങള്‍.  പക്ഷെ ഓഫീസില്‍ നിന്നും രേട്ടിയെയും കൂട്ടി ഇറങ്ങാന്‍ തുടങ്ങുമ്പോളാണ ഹമദ് വിളിച്ചത്. കടലാസുകളെല്ലാം നടപടി ക്രമങ്ങള്‍ കഴിഞ്ഞ് കിട്ടിയെങ്കിലും സിസ്ടത്തില്‍ എന്റര്‍ ചെയ്യാന്‍ ആളില്ലെന്നതുകൊണ്ട് ഒപ്പിടല്‍ ഇന്ന് നടക്കുമെന്ന് തോന്നുന്നില്ല. ഇനി ഞായറാഴ്ച എന്ന ഒരു പ്രവര്‍ത്തി ദിവസം കഴിഞ്ഞാല്‍ ആറു ദിവസം ഈദ് അവധി. അപ്പോഴേക്കും എക്സ്പ്രസ്സ്‌ വിസ കാലാവധി തീരും. മിനിഞ്ഞാന്ന് കഴിയും എന്നാണ് വിചാരിച്ചത്. അത് ഇന്നേക്ക് മാറ്റി. ഇന്ന് ഇങ്ങനെയും.

മിനിഞ്ഞാന്ന് രുവിയില്‍ നിന്ന് തിരുച്ചു വരും വഴി ഹമടിനെ അല്‍ ഖുവൈറില്‍ ഇറക്കി വിട്ടപ്പോള്‍ ഒന്നര മണിയായിരുന്നു. വീട്ടില്‍ ഭക്ഷണം ഉണ്ടായിരുന്നില്ല. സോഹ വെജിറ്റെറിയന്‍ ഹോട്ടലില്‍ ഭക്ഷണം കഴിഞ്ഞ് ഇറങ്ങി, വണ്ടി സ്റ്റാര്‍ട്ട്‌ ആയില്ല. അത് അവിടെത്തന്നെ പാര്‍ക്ക്‌ ചെയ്തു പ്രജീഷിന്റെ വണ്ടിയില്‍ ഓഫീസിലെത്തി. പിന്നീട് രാത്രി ഹരൂണ്‍ വന്നു സ്റ്റാര്‍ട്ട്‌ ചെയ്തു തരികയും ഇവിടെ ഓഫീസിന്‍റെ പാര്‍ക്കിംഗ് ഇല്‍ കൊണ്ടുവരികയും ചെയ്തു. ഇനി അതിന് ബാറ്റെരി വാങ്ങണം. ഓയില്‍ സര്‍വീസ് ചെയ്യണം.

29 ഒക്ടോബര്‍ 2013
5500 റിയാല്‍ കുറി കിട്ടിയ പൈസയില്‍ നിന്ന് വരുത്തി വച്ചിട്ടുണ്ട്. കണ്ഫര്‍മേഷന്‍ കിട്ടിയാലുടന്‍ എന്‍ ബി ഒ ഇല്‍ അടക്കണം. അവര്‍ വീണ്ടും ലീഗല്‍ ചാര്‍ജ് 300 റിയാല്‍ കൂടി അടക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണ്. അതിനുശേഷമേ എന്‍ ഒ സി തരികയുള്ളൂ. എന്ത് ചെയ്യാം. താജീര്‍ ഫിനാന്‍സ് കേസ് വക്കീലിനെ ഏല്പിക്കാന്‍ നടപടി എടുക്കുന്നുണ്ട്. വക്കീലിനും കൊടുക്കണ൦ മുന്നൂറു. എന്നാലെ കേസ് ഫയല്‍ ചെയ്യാന്‍ പറ്റൂ. ഒരു മാറ്റവും ഇല്ലാതെ അനിശ്ചിതത്വം തുടരുന്നു. 

07.03.2014
ഓഫീസിലെ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇന്നലെ ഒമാന്‍ടെല്‍ വിച്ചെദിച്ചു. പല പ്രാവശ്യം പറഞ്ഞിട്ടും ബൈജു ബില്‍ അടച്ചില്ല. ഫോണും ഫാക്സ്ഉം ഒരു മാസം മുന്‍പേ കട്ട്‌ ആയി. ലൈന്‍ എടുത്ത അന്നുമുതല്‍ ബില്‍ അടച്ചിട്ടില്ല.

നവംബര്‍ ഇരുപതിന് ബാങ്കില്‍ പൈസ അടച്ചു. അപ്പോഴാണ് അവര്‍ പറയുന്നത് ഇനിയും മുന്നൂറു കൂടി കൊടുത്താലെ ഇടപാട് അവസാനിപ്പിക്കാന്‍ പറ്റൂ എന്ന്. ഒരു വഴിയും കണ്ടില്ല. ഈ രണ്ടാം തീയതി, അഞ്ചു ദിവസം മുന്‍പ് ഓഫീസ് ഫര്‍ണിച്ചര്‍ വില പറഞ്ഞു ബൈജുവില്‍ നിന്ന് മുന്നൂറു കിട്ടിയത് ബാങ്കില്‍ കൊടുത്തത്. ഇന്നലെ ബാങ്കിന്‍റെ കേസുകള്‍ കൈകാര്യം ചെയ്യുന്ന വക്കീലിന്‍റെ ഓഫീസില്‍ നിന്ന് ലെറ്റര്‍ കിട്ടി. അത് കോടതിയില്‍ കൊടുത്ത് അവിടെനിന്നും കിട്ടുന്ന പല മന്ത്രാലയത്തിലെക്കും ഉള്ള ഉത്തരവുകള്‍ വാങ്ങി അവിടങ്ങളില്‍ എത്തിക്കണം. രണ്ടു മൂന്നു ദിവസം കൊണ്ട് ചെയ്യാന്‍ കഴിഞ്ഞേക്കും.

ഹമദ് മസ്കരി പറഞ്ഞ് ടാജീര്‍ ഫൈനാന്‍സ് കേസ് വക്കീലിനെ ഏല്പിച്ചിരുന്നു. കുറച്ചു പൈസ കൊടുത്തു. അവര്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഇതുവരെ നാല് ഹിയരിംഗ് കഴിഞ്ഞു. ഏപ്രില്‍ ഒന്നാം തിയതി വിധി ആകുമെന്ന് പറയുന്നു. നഷ്ട പരിഹാരം കിട്ടിയില്ലെങ്കിലും ഇനിയും മുന്‍പത്തെ സ്പോന്‍സര്‍ക്ക് വേണ്ടി പൈസ കൊടുക്കുന്നതില്‍ നിന്നും ഒഴിവായി കിട്ടിയാല്‍ മതിയായിരുന്നു.

പ്രതാപ് റെഡി ഒരു ബംഗാളി നിക്ഷേപകനെ കൊണ്ടുവന്നു. ഇരിപതു ശതമാനം ആ ഷമീമിനും ഒരു പത്തു കൂടി രേട്ടിക്കും എഴുതി കൊടുക്കണം. അതോടെ രേട്ടിയുടെ ഇരുപത്തി രണ്ടായിരത്തിന്റെ കടം തീരുന്നു. എല്ലാം ആശ്വസിക്കാനുള്ള വഴികള്‍ തന്നെ.

ചിന്തകളെ വഴിതിരിച്ചു വിടാന്‍ വേണ്ടി ഇന്റര്‍നെറ്റ്‌ ബ്രൌസ് ചെയ്യുന്നതിന്റെ കൂട്ടത്തില്‍ ഫേസ് ബുക്കിലെ ചില അധ്യാത്മിക ഗ്രൂപ്പുകളില്‍ അംഗം ആവുക ഉണ്ടായി. നവംബര്‍ ഇരുപത്തി ആറിനു ശ്രീമദ് ഭഗവദ് ഗീതാ പഠനം എന്ന, 233 അംഗങ്ങള്‍ ഉള്ളതും ഒന്‍പതു മാസം പ്രവര്‍ത്തന രഹിതവും ആയിരുന്ന അത്തരം ഒരു ഗ്രൂപ്പ് ഏറ്റെടുത്തു. ഒരു ധൈര്യത്തിന് ഏറ്റെടുത്തു എങ്കിലും അതിന്റെ നടത്തിപ്പിനെ കുറിച്ചോ വരും വരായ്കകളെ ക്കുറിച്ചോ ഒന്നും അറിയില്ലായിരുന്നു.

സ്വാമി സന്ദീപാനന്ദ ഗിരി യെ ആണ് ആദ്യം വിളിച്ചത്. ദിവസവും കേട്ടുകൊണ്ടിരിക്കുന്ന സ്വാമിജിയുടെ സമ്പൂര്‍ണ ഗീതാ ജ്ഞാന യജ്ഞം ഗ്രൂപ്പില്‍ പ്രസിദ്ധീകരിക്കാന്‍ അനുവാദം വാങ്ങി. തുടര്‍ന്ന്‍ സ്വാമി ഉദിത് ചൈതന്യാ ജി യില്‍നിന്നും സമ്പൂര്‍ണ ഭാഗവതം പ്രഭാഷണo പ്രസിദ്ധീകരിക്കാനും, ഡോക്ടര്‍ എ പി സുകുമാറില്‍ നിന്നും അദ്ധേഹത്തിന്റെ യോഗവാസിഷ്ടം തര്‍ജ്ജമ പ്രസിദ്ധീകരിക്കാനും ഉള്ള അനുവാദം വാങ്ങി. പിന്നെ അങ്ങോട്ട്‌ മറ്റു ചിന്തകള്‍ക്ക് മനസ്സില്‍ കയറാന്‍ സമയം കൊടുക്കാതെ ഒരു ആത്മ സമര്‍പ്പണത്തോടെ യുള്ള സമീപനം ആയിരുന്നു ഈ ഗ്രൂപ്പിന്‍റെ നടത്തിപ്പിനായി. സ്വാമി സന്ദീപാനന്ദ ഗിരി യുടെ പ്രഭാഷങ്ങള്‍, ശ്രേയസ് വെബ്‌ സൈറ്റില്‍ നിന്നും കിട്ടിയ ലേഖനങ്ങള്‍, വേറെ അധ്യാത്മിക വെബ്‌ സൈറ്റ് കളില്‍ നിന്നും എടുക്കുന്ന ലേഖനങ്ങള്‍, എന്നിവ പ്രസിദ്ധീകരിക്കുന്നതിനോപ്പം ഫേസ് ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു അത് സ്വീകരിക്കുന്നവരെ എല്ലാം ഗ്രൂപ്പില്‍ അംഗങ്ങള്‍ ആക്കുകയും ചെയ്തു കൊണ്ടിരുന്നു. അംഗ സംഖ്യ ഒന്‍പതിനായിരം ആവാന്‍ ഇനി ഒന്നോ രണ്ടോ ദിവസം കൂടിയേ വേണ്ടു.

ഇന്നലെ മുതല്‍ ഇന്റര്‍നെറ്റ്‌ ഇല്ലാത്തതു കൊണ്ട് ഗ്രൂപ്പില്‍ എന്ത് നടക്കുന്നു എന്ന് അറിയാന്‍ കഴിയുന്നില്ല. കൂടെ ആരെങ്കിലും വേണം എന്നത് കൊണ്ട്, ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുകയും, ഗ്രൂപ്പില്‍ അംഗം ആവുകയും ചെയ്ത ബിന്ദു നായരെ ആദ്യത്തെ അഡ്മിന്‍ ആക്കി. എന്‍റെ പ്രവര്‍ത്തന രീതികള്‍ സ്വീകാര്യമല്ലാത്തതുകൊണ്ടോ സമീപനം മോശമായതുകൊണ്ടോ, വ്യക്തി പരമായതോ മറ്റു തിരക്കുകള്‍ കാരണമോ അവര്‍ അഡ്മിന്‍ സ്ഥാനവും അംഗത്വവും വേണ്ടെന്നു വക്കുകയും പിന്നീട് വീണ്ടും അംഗം ആവുകയും ചെയ്തു. അവരെ വീണ്ടും അഡ്മിന്‍ ആക്കണം. ഇതിനിടെ വേറെ പലരെയും അഡ്മിന്‍ ആക്കിയിട്ടുണ്ട്. ഇപ്പോള്‍ സ്വാമി  സന്ദീപാനന്ദ ഗിരിയും ഡോക്ടര്‍ സുകുമാറും ഉള്‍പടെ പത്തുപേര്‍ ഉണ്ട് കാര്യ നിവാഹകര്‍ ആയി. അവരും നോക്കട്ടെ. ഒറ്റയ്ക്ക് കൊണ്ടുനടക്കുന്നത് ശരിയല്ല,

സ്വാമി സന്ദീപാനന്ദ ഗിരി യുമായി ഇടയ്ക്കു സംസാരിക്കാറുണ്ട്. കുറെ പേര്‍ക്ക് പേര്‍സണല്‍ ആയി സന്ദേശങ്ങള്‍ അയക്കാറുണ്ട്. എല്ലാ അട്മിന്‍സ് ആയും സമ്പര്‍ക്കും പുലര്‍ത്തുന്നു. നല്ല രീതില്‍ തന്നെയാണ് ഗ്രൂപ്പ്‌ മുന്നോട്ടു പോകുന്നത് എന്ന് കരുതുന്നു. ഇപ്പോള്‍ ഏതാണ്ട് ഇരുപതോളം പോസ്റ്റുകള്‍ നിത്യേന വരുന്നുണ്ട് മറ്റു അംഗങ്ങളില്‍ നിന്നു. അതുകൊണ്ട് എന്‍റെ അസാനിധ്യം കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ സാധ്യത ഇല്ലെന്നു കരുതി ആശ്വസിക്കാം.

സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തുള്ള സ്കൂള്‍ ഓഫ് ഭഗവദ് ഗീതയിലേക്ക് ഓഫീസ് കാര്യങ്ങള്‍ നോക്കാന്‍ ഒരാളെ വേണമെന്ന് സ്വാമിജി യുടെ ഒരു പോസ്റ്റില്‍ കണ്ടിരുന്നു. താല്പര്യം അറിയിച്ചു ഇ മെയില്‍ സന്ദേശം അയച്ചു. മറുപടി കിട്ടി. സ്വമിജിയുമായി സംസാരിച്ചു. ശമ്പളം തീരുമാനം നേരിട്ട് കാണുമ്പോള്‍ എന്ന നിലപാടില്‍ നില്‍ക്കുന്നു. പതിനഞ്ചാം തീയതിക്ക് മുന്‍പേ നാട്ടില്‍ എത്തണം, സ്വാമിജിയെ കാണണം എന്ന പദ്ധതി നടപ്പാവുമെന്നു ആഗ്രഹിക്കുന്നു.


പ്രവീണ്‍ ചെന്നൈ യിലെ ജോലി അവസാനിപ്പിച്ച് ബാംഗളൂരിലെ ഒരു സ്ഥാപനത്തില്‍ ജോലി സ്വീകരിച്ചിരിക്കുന്നു. മിനിഞ്ഞാന്ന് വീട്ടില്‍ എത്തി. പതിനെട്ടാം തീയതി ബാംഗലൂര്‍ക്ക് പോകുമത്രേ. വീണ സ്റ്റഡി ലീവ് ആയി വീട്ടില്‍ ഉണ്ട്. 

തുടരും .......

2 comments:

  1. വളരെ നീണ്ട പോസ്റ്റ്‌ ആയി. രണ്ടുമൂന്നു ഭാഗമായി പോസ്റ്റ്‌ ചെയ്തിരുന്നു എങ്കില്‍ വായിക്കാന്‍ അല്പംകൂടി സുഖമായിരുന്നേനെ. മുഴുവന്‍ വായിച്ചില്ലെങ്കിലും വായിച്ചിടത്തോളം തടസമില്ലാത്ത ഒഴുക്കോടെ വായിക്കാന്‍ കഴിഞ്ഞു.

    ReplyDelete
  2. സന്തോഷം. നന്ദി റാംജി

    ReplyDelete