നേര്‍ച്ചകള്‍, വഴിപാടുകള്‍, നാമ സങ്കീര്‍ത്തനങ്ങള്‍ എല്ലാം ആരാധനാലയങ്ങളില്‍
നാമ രൂപങ്ങളോട് കൂടിയ ഈശ്വരനെ ആശ്രയിച്ചു രോഗങ്ങളും വിഷമങ്ങളും മാറ്റി ശാന്തിയും
സമാധാനവും നേടി എടുക്കാനുള്ള ഉപാധി ആണെന്ന് ധരിക്കേണ്ടി വന്ന സംസ്കാരം ആയിരുന്നു,
ആണ് എന്‍റെത്.
അരോഗ ദൃഡ ഗാത്രം, വിദ്യാഭ്യാസ യോഗ്യത, തറവാട്ടു മഹിമ, സാമ്പത്തിക
ചുറ്റുപാട്, എന്നിവയ്ക്ക് അപ്പുറം ഒന്നുമില്ലെന്ന അഹങ്കാരത്തില്‍ തരക്കേടില്ലാത്ത
സ്ഥിരവരുമാനമുള്ള ലോകത്തിലെ ഒന്നാംകിട സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചു സ്വന്തമായ
ബിസിനസ് കെട്ടിപ്പടുത്തത്, ആഗോള സാമ്പത്തിക പ്രതിസന്ധിയാലും മറ്റു പ്രതികൂല
സാഹചര്യങ്ങളാലും തകര്‍ന്നു തരിപ്പണം ആയി വലിയ സാമ്പത്തിക ബാധ്യത വന്നപ്പോള്‍, ആദ്യമായി
പണ്ട് ചടങ്ങിനു വേണ്ടി ചൊല്ലിയിരുന്ന “മാളിക മുകള്‍ ഏറിയ മന്നന്‍റെ തോളില്‍
മാറാപ്പു കേറ്റുന്നതും ഭവാന്‍” എന്ന പൂന്താനത്തിന്‍റെ ജ്ഞാനപ്പാനയിലെ വരിയുടെ മനുഷ്യ
ജീവിതവുമായി ഉള്ള ബന്ധം മനസ്സിലായി.
ബാഹ്യവും വൈയക്തികവും ആയ ഘടകങ്ങള്‍, വിശിഷ്യാ എല്ലാ ചലനങ്ങളും അദൃശ്യമായ ഒരു
ശക്തിയാല്‍ നിയന്ത്രിതം ആണെന്ന തിരിച്ചറിവ്, എല്ലാറ്റിനോടും, എല്ലാവരോടും അതുവരെ
ഉണ്ടായിരുന്ന സമീപനത്തെ പൂര്‍ണ്ണമായും മാറ്റിമറിച്ചു.
ഭഗവാന്‍ ദുഷ്ടന്മാരെ
കൊല്ലാന്‍ ഉപയോഗിക്കുന്ന സുദര്‍ശനചക്രം ദുഷ്ടനായ ഒരു വ്യക്തിയെ കൊല്ലാനല്ല,
മറിച്ചു, അവനിലുള്ള ദുഷ്ടതയെ നീക്കി, ശരിയായ ദര്‍ശനം നല്‍കുക എന്ന തത്വാര്‍ത്ഥം
വിളിച്ചറിയിക്കുന്നു എന്നു വെളിപ്പെട്ടു കിട്ടുകയും ചെയ്തു.
ഈ തിരിച്ചറിവ് ആരും
പറഞ്ഞതല്ല എന്നും, ഉള്ളില്‍ നിന്നും കിട്ടിയ അറിവാനെന്നും ഉള്ള സത്യം
കുറച്ചൊന്നുമല്ല എന്നെ അത്ഭുതപ്പെടുത്തിയത്.
No comments:
Post a Comment