Tuesday, 15 April 2014

ശ്രീമദ് ഭഗവദ് ഗീതാ പഠനം

അവശ്യം എന്നതുകൊണ്ട്‌ സ്വയം പരിചയപ്പെടുത്തട്ടെ. 

1957 ല്‍ തിരുവില്വാമലയില്‍, യാഥാസ്ഥിക ലോവര്‍ മിഡില്‍ ക്ലാസ്സ്‌ നായര്‍ തറവാട്ടിലെ മാതാ പിതാക്കളുടെ നാല് മക്കളില്‍ മൂന്നാമന്‍ ആയി ജനനം. അമ്പലവും, നാമ ജപവും, സ്കൂള്‍, കോളേജ് വിദ്യാഭ്യാസവും, പിന്നീട് ഇന്ത്യയിലെ മഹാ നഗരങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ ഓഫീസ് അസിസ്റ്റന്റ്‌ മുതല്‍ വൈസ് പ്രസിഡന്റ്‌ വരെ എത്തിച്ചേര്‍ന്ന ജോലികള്‍, വിവാഹം, കുടുംബം, കുട്ടികള്‍, എന്നീ പടികളിലൂടെ ഇറങ്ങി, ഒരു സുഹൃത്തിനെ സഹായിക്കാന്‍ ദുബായിലെത്തി, അവിടെനിന്നും വിധിവശാല്‍ ഇപ്പോള്‍ മസ്കറ്റില്‍. 

വീട്ടിലെ പ്രഭാതത്തില്‍ ചൊല്ലുന്ന സഹസ്ര നാമ ജപവും, സന്ധ്യ നേരത്തെ നാമ ജപവും അമ്പലങ്ങളില്‍ പോകുന്നതും കൂടാതെ രണ്ടാം അദ്ധ്യായം 54 മുതല്‍ 72 വരെ യുള്ള ശ്രീമദ് ഭഗവദ് ഗീതയിലെ, അച്ഛന്‍ ചെല്ലുന്നത് കേട്ടു മന:പാഠം ആക്കിയ 19 ശ്ലോകങ്ങള്‍ ആണ് എന്റെ ആത്മീയത. 

ഒന്നര വര്ഷം മുന്‍പ് സന്ദര്‍ഭവശാല്‍ കേള്‍ക്കാനിടവന്ന ഭാഗവതം, ഭഗവദ് ഗീത പ്രഭാഷണങ്ങള്‍ ആണ് മേമ്പൊടി. ദീക്ഷ എന്തെന്ന് അറിയില്ല. ഈ ലോകമാണ് എന്റെ ഗുരു. എപ്പൊഴും ഈ ലോകം എന്തെങ്കിലും പഠിപ്പിക്കുന്നു, ചിലത് മനസിലാക്കുന്നു, മനസ്സിലാകാത്തത് വിട്ടുകളയുന്നു. മിത്രങ്ങള്‍ ഇല്ലാത്തതുകൊണ്ട് ശത്രുക്കളെ എണ്ണുക എന്നതിന്‍റെ ആവശ്യം വന്നിട്ടില്ല.


ദൈവാധീനം എന്നതിന്‍റെ നിര്‍വചനം അറിയില്ല. പക്ഷെ ഒരു അദൃശ്യ  സാന്നിദ്ധ്യവും സാമീപ്യവും സദാ അനുഭവപ്പെടുന്നു. ആ അദൃശ്യ ശക്തി ഇത്രയും പേരെ ഇവിടേയ്ക്ക് ആനയിച്ചിരിക്കുന്നു. അതെ ശക്തി ശ്രോതസ്സു എന്നെ നിമിത്തമാക്കി ഇപ്പോള്‍ വേറെ പ്രഗല്‍ഭരും ഭാഷാ/ശാസ്ത്ര പ്രവീണ്യം ഉള്ളവരും ആയ വേറെ 14 പേരെ അഡ്മിന്‍ ആക്കിയിരിക്കുന്നു. 

ഇവിടെ നിയമാവലി ഇല്ല, ഉടമസ്ഥത ഇല്ല. ഭാരതീയ ദര്‍ശനങ്ങളെയോ ആചാര്യന്മാരെയോ വിമര്‍ശിക്കുന്നില്ല. സമകാലിക വാര്‍ത്തകളോ രാഷ്ട്രീയമോ അവതരിപ്പിക്കുന്നില്ല. നല്ലതെന്ന് അനുഭവിച്ചു അറിഞ്ഞ ഭാരതീയ സംസ്കൃതിയുടെ മഹദ് ദര്‍ശനങ്ങള്‍ മാത്രം സമൂഹ നന്മക്കു ഉദകുമാറ് ചെറിയ സന്ദേശങ്ങള്‍ ആയി അവതരിപ്പിക്കുന്നു. ഇത്രയും പേരില്‍ ഒരാള്‍ക്കെങ്കിലും അത് ഉപകാരപ്രദം ആയാല്‍ നാം ധന്യരായി.

No comments:

Post a Comment